• admin

  • June 28 , 2020

മലപ്പുറം : മലപ്പുറം ജില്ലയില്‍ ആശങ്കയായി കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പൊന്നാനി താലൂക്കില്‍ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ചു. നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കും. വട്ടംകുളം, മാറഞ്ചേരി, എടപ്പാള്‍, ആലങ്കോട് പഞ്ചായത്തുകള്‍ പൂര്‍ണമായും പൊന്നാനി നഗരസഭ ഭാഗികമായും കണ്ടെയിന്‍മെന്റ് മേഖലയാക്കാനാണ് ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തിരിക്കുന്നത്. എടപ്പാളില്‍ ഡോക്ടര്‍മാരടക്കം അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മലപ്പുറത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. സമൂഹ വ്യാപനമറിയുന്നതിനായി നടത്തിയ സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് ബാധിതരുടെ രോ​ഗ ഉറവിടം കണ്ടെത്താനായില്ല. അതേസമയം, നിലവില്‍ സമൂഹ വ്യാപനമുള്ളതായി സൂചനയില്ലെന്ന് മലപ്പുറം ജില്ല കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. രോ​ഗബാധിതരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്സുമാര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ വെള്ളിയാഴ്ച കൊവിഡ് പോസിറ്റീവായ ഇവര്‍ക്ക് രണ്ടാമത് നടത്തിയ പരിശോധനയിലും ഇന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവര്‍ക്ക് ആശുപത്രിയിലെ രോഗികളടക്കം നിരവധി പേരുമായി സമ്ബര്‍ക്കമുണ്ടായിരുന്നു.