• admin

  • February 12 , 2020

ബെയ്ജിംഗ് : കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1113 ആയി. വൈറസ് ബാധിച്ച് ഇന്നലെ മാത്രം 99 പേരാണ് ചൈനയില്‍ മരിച്ചത്. മരിച്ചവരില്‍ ഏറെയും ഹ്യൂബെ പ്രവിശ്യയിലുള്ളവരാണ്. ഹ്യൂബെയില്‍ നിന്നും പുതുതായി 94 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈനയില്‍ മാത്രം 2015 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഹ്യൂബെ പ്രവിശ്യയില്‍ മാത്രം 1638 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ 44, 653 പേര്‍ക്ക് കൊറോണ ബാധിച്ചതായി ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ചൈനയ്ക്ക് പുറത്തേക്കും വൈറസ് ബാധ വ്യാപിക്കുന്നതിന്റെ തെളിവായി ഹോങ്കോങ്ങില്‍ ഇന്നലെ 50 പേരില്‍ കൂടി രോഗബാധ സ്ഥിരീകരിച്ചു. ജപ്പാനില്‍ പിടിച്ചുവെച്ചിട്ടുള്ള ക്രൂയിസ് കപ്പല്‍ ഡയമണ്ട് പ്രിന്‍സസില്‍ 39 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച 66 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഇതോടെ കപ്പലിലെ കൊറോണ ബാധിതരുടെ എണ്ണം 136 ആയി ഉയര്‍ന്നു. കപ്പലില്‍ വിദേശരാജ്യങ്ങളിലുള്ളവര്‍ ഉള്‍പ്പെടെ 3700 പേരാണ് ഉള്ളത്. അതിനിടെ, ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന 'കൊവിഡ് 19' (Covid-19) എന്ന് പേര് നല്‍കി. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് 'കൊവിഡ് 19'. പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തില്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നാമകരണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്സിന്‍ 18 മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു.