• admin

  • July 5 , 2022

കൽപ്പറ്റ : മഴക്കാലമെന്നാൽ മാണിശ്ശേരിൽ തോമസിന് നടുക്കുന്ന ഓർമ്മയാണ്. അഞ്ച് വർഷം മുമ്പൊരു മഴക്കാലത്താണ് തൊഴിലിൻ്റെ ഭാഗമായി വാഹനമോടിക്കുമ്പോൾ കടപഴകിയ മരം വീണ് ഇടത് കാൽ നഷ്ടപ്പെട്ടത്. അന്ന് മുതൽ കേസ് നടത്തി അനുകൂല വിധി വന്നിട്ടും നഷ്ടപരിഹാരം നൽകാതെ ബുദ്ധിമുട്ടിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. വാഴവറ്റ സ്വദേശിയായ മാണിശ്ശേരിയിൽ തോമസ് പി.എം ഇ.ജി.പി. പദ്ധതിയിൽ ഒരു ലക്ഷം രൂപ വായ്പയെടുത്ത് എം.കെ.കാൻഡിൽസ് എന്ന പേരിൽ മെഴുകുതിരി നിർമ്മാണത്തിൻ്റെ ചെറിയൊരു യൂണിറ്റ് തുടങ്ങിയിരുന്നു. മെഴുകുതിരി വിൽപ്പനക്കായി മേപ്പാടിക്ക് പോകും വഴി 2017 ജൂലൈ 17-ന് കാപ്പം കൊല്ലി .എസ്. വളവിൽ വെച്ചാണ് തോമസ് ഓടിച്ച ഓമ്നി വാനിനു മുകളിലേക്ക് കടപഴകിയ മരം വീണത്. തലനാരിഴക്കാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഇടത് കാൽ മുറിച്ചു മാറ്റി, മരം കടപഴകി നിൽക്കുന്നത് അപകടം വിളിച്ചു വരുത്തുമെന്ന് കാണിച്ച് നാട്ടുകാർ ജില്ലാ കലക്ടർക്ക് പൊതുമരാമത്ത് വകുപ്പിനും നേരത്തെ പരാതി നൽകിയിരുന്നു. മരം മുറിച്ചു മാറ്റാൻ സബ് കലക്ടർ രണ്ട് തവണ ഉത്തരവിറക്കിയെങ്കിലും പൊതുമരാമത്ത് വകുപ്പ് ഉത്തരവ് നടപ്പാക്കിയില്ല. മരം മുറിച്ച് മാറ്റാത്തതിനാൽ കമരക്കൊമ്പുകൾ വീണ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അതിന് ശേഷമാണ് അധികൃതരുടെ അനാസ്ഥക്ക് തോമസ് ഇരയാകുന്നത്. ഭാര്യയും മൂന്ന് പെൺകുട്ടികളുമടങ്ങുന്ന തോമസിൻ്റെ കുടുംബത്തിന് അപകടത്തോടെ സംരംഭം നിർത്തേണ്ടി വന്നു. കാൽ മുറിച്ചു മാറ്റിയതോട നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ജീവിതം. നാട്ടുകാർ നൽകിയ പണം കൊണ്ട് കൃത്രിമ കാൽ വെച്ചാണ് നടക്കുന്നത്. ബത്തേരി കോടതി തോമസിന് അനുകൂലമായി പൊതുമരുത്ത് വകുപ്പ് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചെങ്കിലും തുക നൽകാതെ അപ്പീൽ പോകുകയാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ചെയ്തത്. തൻ്റെ ജീവിതം വഴിമുട്ടിയിരിക്കയാണന്നും 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം വേണമെന്നും തോമസ് പറഞ്ഞു.ഈ ആവശ്യമുന്നയിച്ച് തോമസ് ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ്.