• admin

  • February 21 , 2020

തിരുവനന്തപുരം : മകന്റെ മതം രേഖപ്പെടുത്താതിന്റെ പേരില്‍ സ്‌കൂള്‍ പ്രവേശനം നിഷേധിച്ചതായി രക്ഷിതാക്കളുടെ പരാതി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരെയാണ് രക്ഷിതാക്കളുടെ ആരോപണം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷയിലാണ് മതം രേഖപ്പെടുത്താതെ കോളം ഒഴിച്ചിട്ടത്. നസീമും ഭാര്യ ധന്യയും മകനെ ഒന്നാം ക്ലാസില്‍ പ്രവേശിപ്പിക്കാന്‍ സ്‌കൂളില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവം. സീറോ- മലങ്കര സഭയുടെ കീഴിലുള്ള സ്‌കൂളാണിത്. പ്രവേശന ഫോം പൂരിപ്പിച്ച് നല്‍കിയപ്പോഴാണ് എല്‍പി വിഭാഗം മേധാവിയായ സിസ്റ്റര്‍ ടെസ്സി തടസം അറിയിച്ചത്. അഡ്മിഷന്‍ വേണമെങ്കില്‍ മതം ഏതാണ് എന്നതിന്റെ രേഖ വേണമെന്നാണ് നസീമിനോട് സിസ്റ്റര്‍ പറഞ്ഞത്. പ്രവേശനം നിഷേധിച്ചത് രക്ഷിതാക്കള്‍ ചോദ്യം ചെയ്തു. അതോടെ മാനേജ്മെന്റുമായി ആലോചിച്ച ശേഷം സിസ്റ്റര്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടതായി ദമ്പതികള്‍ ആരോപിച്ചു. നസീമിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടതായി സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചു. നസീം പരാതി അറിയിച്ചതോടെ പ്രവേശനം നല്‍കാന്‍ തയ്യാറാണെന്ന് സ്‌കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ മകന് ഈ സ്‌കൂളില്‍ ഇനി പ്രവേശനം വേണ്ടെന്നാണ് രക്ഷിതാക്കളുടെ നിലപാട്. മതം രേഖപ്പെടുത്താതെയും പ്രവേശനം നേടാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴാണ് ദമ്പതികള്‍ക്ക് ഇത്തരമൊരു ദുരനുഭവം. അതേസമയം സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് നിര്‍ദേശിച്ചു. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.