• admin

  • February 19 , 2020

മംഗളൂരു :

പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭത്തിനിടെ നടന്ന വെടിവെയ്പ്പില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. പൊലീസിന്റെ വീഴ്ചയും അതിക്രമവും മറച്ചുവയ്ക്കാന്‍ നിരപരാധികളെ കേസില്‍ കുടുക്കിയെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റിലായ 22പേര്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഒരുലക്ഷം രൂപയുടെയും രണ്ടുപേരുടെയും ആള്‍ജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്.

പൊലീസ് അന്വേഷണം പക്ഷപാതപരവും ദുരുദ്ദേശത്തോടെയുമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഡിസംബര്‍ 19നാണ് മംഗളൂരുവിലെ ബന്ദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന വെടിവെയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത്.

അനധികൃതമായി സംഘം ചേര്‍ന്ന് പൊലീസ് സ്റ്റേഷന്‍ അക്രമിച്ചതിനെ തുടര്‍ന്നാണ് വെടിവെയ്പ്പ് നടത്തിയത് എന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. മുസ്ലിം സമുദായത്തില്‍പ്പെട്ടവരായതുകൊണ്ടും പോപ്പുലര്‍ ഫ്രണ്ടിനോട് ബന്ധമുള്ളതു കൊണ്ടുമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

സമരക്കാരില്‍ ഒരാള്‍ ബോട്ടില്‍ പിടിച്ചു നില്‍ക്കുന്നതല്ലാതെ മറ്റുള്ളവരുടെ കയ്യില്‍ ആയുധങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇല്ലെന്ന് പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങള്‍ പരിശോധിച്ച് കോടതി വിലയിരുത്തി. ജനക്കൂട്ടത്തിന് നേരെ പൊലീസ് കല്ലെറിയുന്ന ദൃശ്യങ്ങള്‍ പ്രതിഭാഗം ഹാജാരാക്കിയിരുന്നു.