• admin

  • February 21 , 2023

കല്‍പ്പറ്റ : രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ഭാരത് ജോഡോ യാത്രയുടെ സന്ദേശവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശന പരിപാടി നടത്തും. രാഹുല്‍ഗാന്ധിയുടെ സന്ദേശം അടങ്ങുന്ന ലഘുലേഖ ഭവനസന്ദര്‍ശന വേളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യും. മാര്‍ച്ച് ഒന്നു മുതലാണ് ഭവന സന്ദര്‍ശനം ആരംഭിക്കുക. ഭവനസന്ദര്‍ശനത്തിന് എല്ലാ നേതാക്കളും അവരവരുടെ ബൂത്തുകളില്‍ നേതൃത്വം നല്‍കും. ഭവന സന്ദര്‍ശനത്തോടൊപ്പം കെ.പി.സി.സിയുടെ ഫണ്ട് ശേഖരണ പരിപാടിയായ 138 ചലഞ്ചും പൂര്‍ത്തിയാക്കും. ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ എന്ന പേരില്‍ നടത്തുന്ന ഭവന സന്ദര്‍ശന പരിപാടിയുടെ ജില്ലയിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന ഡി.സി.സി. ജനറല്‍ ബോഡി യോഗം രമ്യ ഹരിദാസ് എം.പി. ഉദ്ഘാടനം ചെയ്തു. ഭാരത് ജോഡോ യാത്രക്ക് ശേഷം വയനാട്ടിലേക്ക് വന്ന രാഹുല്‍ഗാന്ധിക്ക് മീനങ്ങാടിയില്‍ വെച്ച് നല്‍കിയ സ്വീകരണ പരിപാടി ആയിരക്കണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് വലിയ വിജയമാക്കാന്‍ പ്രയത്‌നിച്ച എല്ലാവരെയും യോഗം അഭിനന്ദിച്ചു. യോഗത്തില്‍ ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ. കെ. അബ്രഹാം, അഡ്വ. പി.എം. നിയാസ്, എ.ഐ.സി.സി. അംഗം പി.കെ. ജയലക്ഷ്മി, കെ.പി.സി.സി. അംഗം കെ.ഇ. വിനയന്‍, വി.എ. മജീദ്, അഡ്വ. എന്‍.കെ. വര്‍ഗീസ്, എന്‍.എം. വിജയന്‍, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, നിസി അഹമ്മദ്, ബിനു തോമസ്, എം.ജി. ബിജു, ഡി.പി. രാജശേഖരന്‍, അഡ്വ. പി.ഡി. സജി, പി.എം. സുധാകരന്‍, പി. ശോഭനകുമാരി, എ. പ്രഭാകരന്‍ മാസ്റ്റര്‍, ചിന്നമ്മ ജോസ്, എടക്കല്‍ മോഹനന്‍, മോയിന്‍ കടവന്‍, എന്‍.യു. ഉലഹന്നാന്‍, പി.കെ. അബ്ദുറഹിമാന്‍, പി.വി. ജോര്‍ജ്, എക്കണ്ടി മൊയ്തൂട്ടി, ഒ.ആര്‍. രഘു, മാണി ഫ്രാന്‍സിസ്, ഉമ്മര്‍ കുണ്ടാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.