• admin

  • December 29 , 2021

കൽപ്പറ്റ : സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ ഭദ്രത നിയമം, അവകാശം എന്നിവയെക്കുറിച്ച് വൈത്തിരി താലൂക്കിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി. സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗം എം.വിജയലക്ഷ്മി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കുള്ള ഭക്ഷ്യ ഭദ്രതാ നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് സംസ്ഥാന ഭക്ഷ്യ ഭദ്രത മുന്‍ കമ്മീഷന്‍ അംഗം അഡ്വ. വി. രാജേന്ദ്രന്‍ അവതരിപ്പിച്ചു. 2013 ല്‍ നിലവില്‍ വന്ന ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പ്രഥമലക്ഷ്യം തിരഞ്ഞെടുക്കപ്പെട്ട മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്നതാണ്. നിയമത്തെ ക്കുറിച്ച് പൊതു അവബോധം നല്‍കുന്നതിനായും നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നതിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചും പൊതുവായി ഉണ്ടായേക്കാവുന്ന സംശയങ്ങളെ സംബന്ധിച്ചുമാണ് പരിപാടിയില്‍ വിഷയാവതരണം നടത്തിയത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ. സജീവ്, ഭക്ഷ്യ കമ്മീഷന്‍ ഓഫീസ് സ്റ്റാഫ് വി.ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.