• admin

  • February 9 , 2020

പത്തനംതിട്ട : ബഹുജനപങ്കാളിത്തത്തോടെയുള്ള വന സംരക്ഷണമാണ് സര്‍ക്കാരിന്റെ നയമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു. കോന്നി വനം ഡിവിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നടവത്തുമൂഴി റെയിഞ്ചിലെ കരിപ്പാന്‍തോട് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുവേണ്ടി പുതിയതായി നിര്‍മ്മിച്ച സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഡോര്‍മെറ്ററിയുടെയും ഉദ്ഘാടനം കരിപ്പാന്‍തോട് ഫോറസ്റ്റ് സ്റ്റേഷന്‍ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 25 ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിട്ടു. അവയില്‍ 10 എണ്ണം നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ള ഫോറസ്റ്റ് സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, തസ്തിക നിര്‍ണയം തുടങ്ങിയവയുടെ പ്രവര്‍ത്തനം നടന്നു വരികയാണ്. കര്‍ഷകരുടെ കൃഷിഭൂമി നശിപ്പിക്കുന്ന പന്നികളെ ശല്യക്കാരനായ മൃഗമായി പ്രഖ്യാപിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് സ്‌കീമില്‍ ഉള്‍പ്പെടുത്തി 91.90 ലക്ഷം രൂപ ചിലവിലാണ് ഫോറസ്റ്റ് സ്റ്റേഷന്റെയും ഡോര്‍മെട്രിയുടേയും നിര്‍മ്മാണം. പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരേയും വനം സംരക്ഷണ സമിതി അംഗങ്ങളേയും ചടങ്ങില്‍ മന്ത്രി ആദരിച്ചു.