• admin

  • July 15 , 2022

ഡൽഹി :   വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഉണ്ടായിരിക്കണമെന്ന ബഹു: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജനവാസ മേഖലകളെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് കേന്ദ്ര സര്‍ക്കാരിന് അനുകൂല നിലപാട്.   കേന്ദ്ര പരിസ്ഥിതി-വനം വകുപ്പുമന്ത്രി ശ്രീ. ഭൂപേന്ദര്‍ യാദവുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇത് സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.   ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം കേന്ദ്ര മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുള്ള പരിഷ്‌കരിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയും അപ്രകാരം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുകയും വേണമെന്ന് കേന്ദ്രമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.   01.01.1977-ന് മുന്‍പ് വനഭൂമി കൈവശമുള്ള കുടിയേറ്റ കര്‍ഷകര്‍ക്ക് 1970.41 ഹെക്ടര്‍ വനഭൂമി പതിച്ചുകൊടുക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ലിയറന്‍സ് ലഭ്യമാക്കുന്നതിനും നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ മാത്രം 6362 കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിനായി വനം വകുപ്പ് സമര്‍പ്പിച്ച അപേക്ഷയാണ് കേന്ദ്ര സര്‍ക്കാരിന്റ അനുമതിയ്ക്കായി നിലവിലുള്ളത്.