• admin

  • January 22 , 2020

ന്യൂഡല്‍ഹി : പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് 130 ലേറെ ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. വിവിധ ഹൈക്കോടതികളിലെ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയും കോടതി പരിഗണിക്കും. പൗരത്വ നിയമത്തിനെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇന്ന് മറുപടി നല്‍കുമോ, കൂടുതല്‍ സമയം ആവശ്യപ്പെടുമോ എന്നതില്‍ വ്യക്തതയില്ല. വിവിധ ഹൈക്കോടതികളിലെ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുന്നതിന് ആദ്യം തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചേക്കുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയും കോടതിയിലെത്തും. പൗരത്വ നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗാണ് ആദ്യം ഹര്‍ജി നല്‍കിയത്. സിപിഎം, സിപിഐ, അസംഗണപരിഷത്ത്, ഡിഎംകെ, മക്കള്‍ നീതി മയ്യം തുടങ്ങിയ പാര്‍ട്ടികളും അസംപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി, അസദുദ്ദീന്‍ ഉവൈസി, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ജയറാം രമേശ്, ടി എന്‍ പ്രതാപന്‍ തുടങ്ങിയവരും ഹര്‍ജി നല്‍കിയിട്ടുണ്ട്. ചാവക്കാട് സെക്കുലര്‍ ഫോറം എന്ന സംഘടന ഇന്നലെ ഹര്‍ജി നല്‍കി. അതേസമയം, നിയമ ഭേദഗതി ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹര്‍ജി ഇന്നത്തെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്യൂട്ട് ഹര്‍ജിയായതിനാല്‍ അത് പ്രത്യേകം പരിഗണിക്കാനാകും സാധ്യത. ഹര്‍ജിക്ക് കോടതിയുടെ രജിസ്ട്രിയില്‍ നിന്നും നമ്പര്‍ ലഭിച്ചിട്ടില്ല. പൗരത്വ നിയമത്തിനെതിരെ രാഷ്ട്രീയപാര്‍ട്ടികളും വ്യക്തികളും സംഘടനകളും ഭരണഘടനയുടെ 32-ാം വകുപ്പ് പ്രകാരം റിട്ട് ഹര്‍ജിയാണ് നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ നല്‍കിയത് 131-ാം വകുപ്പ് പ്രകാരമുള്ള സ്യൂട്ട് ഹര്‍ജിയാണ്. സംസ്ഥാനങ്ങളും കേന്ദ്രവുമായുള്ള തര്‍ക്കത്തില്‍ ആദ്യവ്യവഹാരം (ഒര്‍ജിനല്‍ സ്യൂട്ട്) നേരിട്ട് പരിഗണിക്കാന്‍ സുപ്രീംകോടതിക്ക് അധികാരം നല്‍കുന്നതാണ് 131-ാം വകുപ്പ്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം തടയണമെന്ന ഹര്‍ജികളും സുപ്രീംകോടതിക്ക് മുന്നിലുണ്ട്.