• admin

  • January 30 , 2020

എഴുകോണ്‍ : കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഷ്രെഡിങ് യൂണിറ്റ് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തില്‍ ഒരുങ്ങി. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവില്‍ കെട്ടിടം നിര്‍മിച്ചതോടെയാണ് ജില്ലയിലെ വലിയ യൂണിറ്റായി മാറിയത്. 5000 ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ് പുതിയ യൂണിറ്റ്. കരീപ്ര, എഴുകോണ്‍, നെടുവത്തൂര്‍, പൂയപ്പള്ളി, വെളിയം പഞ്ചായത്തുകളിലെ പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് യൂണിറ്റിന് കഴിയും. ഈ പഞ്ചായത്തുകളിലെ ഹരിതകര്‍മസേന ശേഖരിക്കുന്ന വൃത്തിയുള്ള പ്ലാസ്റ്റിക് തരംതിരിച്ച് വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നവ പ്ലാസ്റ്റിക് നിര്‍മാണ കമ്പനികള്‍ക്ക് നല്‍കും. പുനര്‍നിര്‍മിക്കാന്‍ കഴിയാത്തവ പൊടിച്ച് റോഡ് ടാറിങ്ങിനായി ഉപയോഗിക്കും. പ്ലാസ്റ്റിക് കുപ്പി, പേന, അടപ്പുകള്‍, ചെറിയ കളിപ്പാട്ടങ്ങള്‍, വിവിധതരം കപ്പുകള്‍, റീഫില്‍ എന്നിവയെല്ലാം ഇവിടെ ശേഖരിച്ച് തരംതിരിക്കുന്നു. കെട്ടിടം പി അയിഷാപോറ്റി എംഎല്‍എ നാടിനു സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍ അധ്യക്ഷനായി.