കല്‍പ്പറ്റ : ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി യുഡിഎഫ് ജില്ലാ നേതൃയോഗം ചേര്‍ന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു. പ്രിയങ്കാഗാന്ധി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും, താഴെത്തട്ട് മുതല്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായം വൈകിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. സാധാരണ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രാഥമികമായി ഒരു സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുകയും വിശദമായ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കൂടുതല്‍ തുക അനുവദിക്കുന്നതുമാണ് രീതി. എന്നാല്‍ വയനാടിന്റെ കാര്യത്തില്‍ അതുണ്ടായില്ല. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുകയാണ്. എന്നാല്‍ ഇത് പരസ്പരം കുറ്റപ്പെടുത്തേണ്ട വിഷയമല്ലെന്നും, ദുരന്തബാധിതരെ അതിജീവനത്തിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് ജില്ലാചെയര്മാന്റെ ചുമതലയുള്ള ടി മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്, എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എ ഐ സി സി സെക്രട്ടറിമാരായ മന്‍സൂര്‍ അലി ഖാന്, അറുവഴകന്, കെ പി സി സി ജനറല്‍ സെക്രട്ടറി എം ലിജു, അഡ്വ, ടി സിദ്ധിഖ് എം എല്‍ എ, എ പി അനില്‍കുമാര്‍ എം എല്‍ എ, സണ്ണിജോസഫ് എം എല്‍ എ, ജമീല അരപ്പറ്റ, പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, പി പി ആലി, എന്‍ കെ റഷീദ്, എം സി സെബാസ്റ്റ്യന്‍, പ്രവീണ്‍ തങ്കപ്പന്, ജോസഫ് കളപ്പുരക്കല്‍, ജോസ് തലച്ചിറ, ടി ഹംസ, റസാഖ് കല്‍പ്പറ്റ. എം എ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
