• admin

  • January 27 , 2023

കൽപ്പറ്റ :   പൊൻമുടിക്കോട്ടയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ കടുവ, പുലി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കർമ്മസമിതിയുടെ നേതൃത്വത്തിൽ അമ്പലവയൽ ആയിരം കൊല്ലിയിൽ ജനുവരി 31-ന് റോഡ് ഉപരോധിക്കും.70 ദിവസമായി വന്യമൃഗശല്യത്തിന് പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരമെന്ന് കർമ്മസമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.     ബത്തേരി നഗര സഭാപരിധിയിലെ രണ്ട് വാർഡുകളും അമ്പലവയൽ, നെന്മേനി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളുമടക്കം പത്ത് കിലോമീറ്ററലധികം ചുറ്റളവിൽ കടുവയുടെയും , പുലിയുടെയും രൂക്ഷമായ ശല്യത്തിൽ ഭീതിയിലാണ്. മൂന്ന് കടുവകളും രണ്ട് പുലികളും സ്ഥലത്തുണ്ട്. ഏഴ് നായ്ക്കളെയും അഞ്ച് ആടുകളെ ഭക്ഷിക്കുകയും നാല് പശുക്കളെയും നാല് ആടുകളെയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്.     .. . നവംബർ 17-ന് ഒരു കടുവയെ ഈ പ്രദേശത്ത് നിന്ന് പിടികൂടിയിട്ടും ഇനിയും മൂന്ന് കടുവകളും രണ്ട് പുലികളുമുണ്ട്. 70 ദിവസമായിട്ടും ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കുന്നില്ല. 1500 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന പൊൻമുടി കോട്ടയും, എടക്കൽ ഗുഹയും അടക്കമുള്ള പ്രദേശമാണ് വന്യമൃഗ ഭീഷണിയിലുള്ളത്.   ജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോൾ വനം വകുപ്പ് മൂന്ന് കൂടുകൾ കൊണ്ടുവന്നിട്ടുണ്ട്.   ശാശ്വതമായ പരിഹാരം ഉണ്ടായില്ലങ്കിൽ 31-ന് ആയിരം കൊല്ലിയിലെ റോഡ് ഉപരോധത്തിന് ശേഷം തുടർ സമരങ്ങൾ നടത്തുമെന്ന് ചെയർമാൻ ഇ.കെ. സുരേഷ്, കൺവീനർ കെ.കെ. ബിജു, നെന്മേനി ഗ്രാമപഞ്ചായത്തംഗം ബിജു ഇടയനിൽ തുടങ്ങിയവർ പറഞ്ഞു. കുപ്പകൊല്ലി ഐശ്വര്യ ലൈബ്രറി സെക്രട്ടറി എൻ.എസ്. ഷിനോജ്, പി.എസ്. സജിത്ത് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.