പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്:ജനകീയ സമര സമിതി വീണ്ടും പ്രക്ഷോഭത്തി ലേക്ക്

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്:ജനകീയ സമര സമിതി വീണ്ടും പ്രക്ഷോഭത്തി ലേക്ക്

കല്‍പ്പറ്റ : പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ 2016-17ല്‍ വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജനകീയ സമര സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്.ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുകയും ജീവിതം വഴിമുട്ടിയ ഇരകളെ അവഗണിക്കുകയും ചെയ്യുന്ന അധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭമെന്ന് ജനകീയ സമര സമിതി പ്രവര്‍ത്തകരായ ഡാനിയേല്‍ പറമ്പേക്കാട്ടില്‍, സാറാക്കുട്ടി പറമ്പേക്കാട്ടില്‍,അജയകുമാര്‍ പൊയ്ക്കാട്ടില്‍,സി.ജി ജയപ്രകാശ്,ജലജ രാജേന്ദ്രന്‍, രാംജിത്ത് രാജേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബര്‍ മൂന്നിന് ബാങ്കിനും 13ന് ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയത്തിനും മുമ്പില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെ സൂചനാസത്യഗ്രഹം നടത്തും. പിന്നീട് ബഹുജന കണ്‍വന്‍ഷന്‍, പ്രചാരണജാഥ തുടങ്ങിയവ സംഘടിപ്പിക്കും. കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കും.

ക്രമക്കേടുകള്‍ മൂലം ബാങ്കിനുണ്ടായ 8.33 കോടി രൂപയുടെ നഷ്ടം ഈടാക്കുന്നതിന് സഹകരണനിയമം വകുപ്പ് 68(2) പ്രകാരം സഹകരണ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) 2022 ഓഗസ്റ്റ് 17ന് പുറപ്പെടുവിച്ച സര്‍ചാര്‍ജ് ഉത്തരവില്‍ നടപടി വൈകുകയാണ്.ക്രമക്കേട് നടന്ന കാലത്തെ ബാങ്ക് പ്രസിഡന്റ്,ഡയറക്ടര്‍മാരില്‍ ഏഴു പേര്‍, സെക്രട്ടറി,ഇന്റേണല്‍ ഓഡിറ്റര്‍ എന്നിവര്‍ക്കാണ് സര്‍ചാര്‍ജ് ബാധകമാക്കിയത്.ബാങ്ക് പരിധിയില്‍ താമസിക്കുന്ന പറമ്പേക്കാട്ട് ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികളുടെ 62 സെന്റ് സ്ഥലത്തിന് 36 ലക്ഷം രൂപ വായ്പ അനുവദിച്ചും ക്രമക്കേട് നടത്തിയതായി സഹകരണ വകുപ്പ് പിന്നീട് കണ്ടെത്തിയിരുന്നു. ഇക്കാര്യവും ഉള്‍പ്പെടുത്തി സഹകരണ നിയമത്തിലെ വകുപ്പ് 66(1) പ്രകാരം അന്വേഷണം നടത്തി പുതിയ സര്‍ചാര്‍ജ് ഉത്തരവ് പുറപ്പെടുവിക്കാമെന്ന് 2023 ജൂലൈ നാലിന് സഹകരണ വകുപ്പ് ജില്ലാ മേധാവി പരാതിക്കാരായ ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികളെ അറിയിച്ചിരുന്നു.എന്നാല്‍ ഇതുവരെ നടപടി ഉണ്ടായില്ല.ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികള്‍ക്ക് നിലവില്‍ സഹകരണ ബാങ്കില്‍ 74.84 ലക്ഷം രൂപയുടെ ബാധ്യതയാണുള്ളത്.പരാതിക്കാരെ ഉള്‍പ്പെടുത്താതെ പുതിയ സര്‍ചാര്‍ജ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് സഹകരണ വകുപ്പ് നോട്ടീസ് അയച്ചിരിക്കയാണ്.

നേരത്തേ പുറപ്പെടുവിച്ച സര്‍ചാര്‍ജ് ഉത്തരവില്‍ ഇല്ലാതിരുന്നതില്‍ ഫിലോമിന,മുകുന്ദന്‍,ഉലഹന്നാന്‍ എന്നീ മുന്‍ ഡയറക്ടര്‍മാരെയും ഉള്‍പ്പെടുത്തിയാണ് നോട്ടീസ്.കടക്കെണിയില്‍പ്പെട്ട് ജീവനൊടുക്കിയ കര്‍ഷകന്‍ രാജേന്ദ്രന്‍ നായരുടെ കുടുംബം വലിയ പ്രതിസന്ധിയിലാണ്.60 ലക്ഷം രൂപയ്ക്കു മുകളിലാണ് ബാങ്കില്‍ രാജേന്ദ്രന്‍ നായരുടെ പേരിലുള്ള ബാധ്യത.ബാങ്ക് രാജന്ദ്രന്‍ നായരുടെ പേരില്‍ അനുവദിച്ച വായ്പ കൊല്ലപ്പള്ളി സജീവന്‍എന്നയാളുടെ അക്കൗണ്ടിലേക്കാണ് പോയതെന്നു സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. എങ്കിലും ബാധ്യത എഴുതിത്തള്ളാനും കുടുംബത്തിന് പണയ വസ്തുവിന്റെ രേഖകള്‍ തിരികെ നല്‍കാനും നടപടിയില്ല.രാജേന്ദ്രന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ നീക്കം മന്ദഗതിയിലാണെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *