• admin

  • January 25 , 2020

മലപ്പുറം : സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷനുമായി സഹകരിച്ച് ചേലേമ്പ്ര പഞ്ചായത്തില്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതിയില്‍ വിനോദ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും പുതു പ്രതീക്ഷ.വ്യത്യസ്ത ഇനം കണ്ടലുകളാല്‍ സമൃദ്ധമായ പുല്ലിപ്പുഴയുടെയും കടലുണ്ടി പക്ഷിസങ്കേതത്തിന്റെയും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ആകര്‍ഷകമായ ടൂറിസം പദ്ധതിയാണ് ചേലേമ്പ്രയില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. സംരംഭകരെ പദ്ധതിയില്‍ പങ്കാളികളാക്കുന്നതിനായുള്ള രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടികള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. നിലവില്‍ 30 പേരാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചത്. ജനുവരി 29 ന് ചേലേമ്പ്ര പഞ്ചായത്ത് ഓഫീസില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഒരുക്കും. തെരഞ്ഞെടുക്കപ്പെട്ട 75 സംരംഭകര്‍ക്ക് ടൂറിസം വകുപ്പ് ചുമതലപ്പെടുത്തിയ മൈത്രി എന്ന ഏജന്‍സി ഉത്തരവാദിത്വ ടൂറിസത്തില്‍ അടുത്ത മാസം ആദ്യംപരിശീലനവും നല്‍കുമെന്ന് ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ് പറഞ്ഞു. വിദേശീയരും സ്വദേശിയരുമായ ടൂറിസ്റ്റുകളെ ആകര്‍ഷിച്ച് വരുമാനമുണ്ടാക്കുന്നതിനൊപ്പം കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴിലും ഉറപ്പാക്കുകയാണ് ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ലക്ഷ്യം. ഹോംസ്റ്റേ സൗകര്യം സജ്ജീകരിക്കുന്നതിനൊപ്പം കുടുംബശ്രീ യൂനിറ്റുകള്‍ മുഖേന നാടന്‍ വിഭവങ്ങളുടെ വിപുലമായ ഉല്‍പ്പാദനവും വിപണനവും സാധ്യമാക്കും. തൊഴില്‍ അനുബന്ധ കലകളുടെ രജിസ്‌ട്രേഷനും നടത്തും. ചരിത്ര ശേഷിപ്പുകള്‍ നിലനില്‍ക്കുന്ന ചേലേമ്പ്രയിലെ പ്രദേശങ്ങള്‍, സ്ഥാപനങ്ങള്‍, പരമ്പരാഗത തൊഴില്‍ മേഖലകള്‍, ക്ഷേത്ര കലകള്‍, പള്ളികളിലെ ആഘോഷങ്ങള്‍, കാവുകള്‍, ഉത്സവങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് തീരുമാനം.പുല്ലിപ്പുഴ കേന്ദ്രീകരിച്ചാകും പ്രധാനമായും ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുക. ഇവിടം കേന്ദ്രീകരിച്ച് വിനോദ സഞ്ചാരികള്‍ക്കായി ബോട്ട് സര്‍വ്വീസുമുണ്ടാകും. സഞ്ചാരികള്‍ക്ക് കണ്ടല്‍ക്കാടുകളുടെ മനോഹാരിതയും ജൈവ വൈവിധ്യവും ആസ്വദിക്കാം. ദേശാടന പക്ഷികളുടെ സാന്നിധ്യവും ഉള്‍നാടന്‍ മത്സ്യ ബന്ധന രീതികളും സമ്മാനിക്കുന്ന കാഴ്ചകള്‍ കണ്ട് ഉല്ലസിക്കുകയും ചെയ്യാം. ഈ വര്‍ഷം പകുതിയോടെ ചേലേമ്പ്രയില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമം. പദ്ധതിയ്ക്കായി നേരത്തെ പ്രകൃതി സൗഹൃദ മാപ്പിംഗ് സര്‍വ്വെ നടത്തിയിരുന്നു. പഞ്ചായത്തിലെ ജൈവ വൈവിധ്യ സമ്പത്ത് ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ കണ്ടെത്തി ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് മൂന്നംഗ ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍സിന്റെ പങ്കാളിത്തത്തില്‍ ഒരു മാസം നീണ്ടു നിന്ന മാപ്പിങ് സര്‍വ്വെ നടത്തിയത്. കേരള ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നടപ്പാക്കുന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതിയില്‍ ചാലിയാറിനൊപ്പം ചേലേമ്പ്ര പഞ്ചായത്ത് മാത്രമാണ് ജില്ലയില്‍ ഇടം പിടിച്ചത്.