• admin

  • February 15 , 2020

തിരുവനന്തപുരം : സി എ ജി റിപ്പോര്‍ട്ട് പി ടി തോമസ് എം എല്‍ എയ്ക്ക് ചോര്‍ന്നുകിട്ടി എന്ന് സംശയിക്കേണ്ടതുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പി ടി തോമസ് സി എ ജി റിപ്പോര്‍ട്ട് നിയമസഭയില്‍ ഉന്നയിച്ചത് ആസൂത്രിതമാണെന്ന് അദ്ദേഹം ആരോപിച്ചു. ആസൂത്രിതവും സമര്‍ത്ഥവുമായ ഒരു അവതരണമാണ് പി ടി തോമസ് അന്ന് സഭയില്‍ നടത്തിയത്. സി എ ജി റിപ്പോര്‍ട്ട് എന്ന് പറയാതെ, റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിനര്‍ത്ഥം റിപ്പോര്‍ട്ട് നേരത്തെ അദ്ദേഹത്തിന് ലഭിച്ചിരുന്നു, അല്ലെങ്കില്‍ മറ്റു മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു എന്നാണ്. അത് ചട്ടലംഘനം തന്നെയാണ്, അതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടില്‍ വന്ന കാര്യങ്ങള്‍ തന്നെയാണ് അദ്ദേഹം സഭയില്‍ പറഞ്ഞതും പത്ര സമ്മേളനം വിളിച്ചു പറഞ്ഞതും. പിറ്റേദിവസം സി എജി യും പറഞ്ഞു. സ്വാഭാവികമായിട്ടും സംശയിക്കാന്‍ വഴിയുണ്ട്. സാഹചര്യങ്ങളെ പൊതുവെ വിലയിരുത്തുമ്പോള്‍ ഒരു ഗൂഢാലോചനയ്ക്ക് സാധ്യതയുണ്ട്. കാരണം, റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്. മുഴുവന്‍ കാര്യങ്ങളും സിഎജി പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011 മുതല്‍ നടന്ന സംഭവങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ സത്യസന്ധമായാണ് പറഞ്ഞതെന്ന് നമുക്ക് കരുതാമായിരുന്നു, പക്ഷേ ഇത് അങ്ങനെയല്ലല്ലോ വന്നത്. 2013ലാണ് ഇതെല്ലാം നടന്നത്. 2016ലെ കാര്യം മാത്രമാണ് സി എ ജി പറയുന്നത്. 2013ല്‍ യു ഡി എഫ് സര്‍ക്കാരാണ്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്. ഒരു ഡി ജി പിയുടെ കാര്യം മാത്രം പറയുന്നു, മറ്റൊരു ഡി ജി പിയുടെ കാര്യം മറച്ചുവയ്ക്കുന്നു. പറയുന്നെങ്കില്‍ രണ്ടുപേരുടെ കാര്യവും പറയണ്ടേ? എന്നും കടകംപളളി ചോദിച്ചു.