ബത്തേരി : പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ പഠനത്തിന്റെയും പാഠ്യേതര പ്രവർത്തനങ്ങളുടെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള തീവ്ര ശ്രമങ്ങളുമായി ബത്തേരി നഗരസഭ.മുഴുവൻ പട്ടികവർഗ്ഗ വിദ്യാർത്ഥികളെയും സ്കൂളുകളിൽ എത്തിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ,ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ പങ്കെടുക്കുന്നതിനായി 44 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഏഴ് ദിവസത്തെ തീവ്ര പരിശീലനം നൽകി.നഗരസഭാ പരിധിയിലുള്ള എല്ലാ സ്കൂളുകളിലെയും പ്രധാനാധ്യാപകർ കുട്ടികളെ പരിശീലനത്തിന് എത്തിച്ചു.ക്യാരി ബാഗ് നിർമ്മാണം, പോസ്റ്റർ ഡിസൈനിംഗ്,പോട്ടറി പെയിൻ്റിംഗ്,വസ്ത്ര നിർമ്മാണം,ഫ്ലവർ മേക്കിംഗ്,എംബ്രോയിഡറി, ഫാബ്രിക്ക് പെയിൻ്റിംഗ്,ബീഡ്സ് വർക്ക്,വെജിറ്റബിൾ പ്രിൻ്റിംഗ്,പ്രകൃതിദത്ത നാരുകൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾ എന്നിങ്ങനെ 10 പ്രധാന ഇനങ്ങളിലാണ് പരിശീലനം നൽകിയത്.
സംസ്ഥാനത്തിന് മാതൃകയായി ബത്തേരി മോഡൽ
വിദ്യാഭ്യാസത്തിലെ കൊഴിഞ്ഞുപോക്ക് പൂർണ്ണമായും ഒഴിവാക്കാനായി പതിനേഴ് ഊരുകൂട്ട വളണ്ടിയർമാരെ നിയമിച്ച് മൂന്ന് വർഷമായി നടപ്പാക്കി വരുന്ന ‘ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ’ പദ്ധതി ഇതിനകം ശ്രദ്ധേയമാണ്.ഈ ബത്തേരി മാതൃക സംസ്ഥാന ആസൂത്രണ ബോർഡ് ഇപ്പോൾ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുകയാണ്.പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ഗോത്രകലകൾ,കായിക ഇനങ്ങൾ എന്നിവയിലും പരിശീലനം നൽകി വരുന്നുണ്ട്.
ഏഴ് ദിവസത്തെ പരിശീലനം കൊണ്ട് കുട്ടികൾ സ്വന്തമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ കാണാനും, ഉപജില്ലാ മേളയിൽ മികച്ച വിജയം നേടാൻ ആശംസകൾ നേരാനുമായി നഗരസഭാ അധികൃതർ എത്തി.നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ്,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാലി പൗലോസ്,കൗൺസിലർ അബ്ദുൾ അസീസ് എം,നിർവഹണ ഉദ്യോഗസ്ഥൻ പി.എ അബ്ദുൾ നാസർ,പ്രധാനാധ്യാപിക ബിജി വർഗീസ്,എസ് എസ് കെ ബി.പി.സി.രാജൻ ടി പരിശീലകരായ ജി സോമോൾ വി സി,ശിഖ സി സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.