• admin

  • November 20 , 2022

കൽപ്പറ്റ : പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്റെ മറവില്‍ കമ്യൂണിസ്റ്റ് ഒളിയജണ്ടകള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. പാഠ്യ പദ്ധതി പരിഷ്‌കരണത്തിൽ ജെന്‍ട്രല്‍ ന്യൂട്രല്‍ ആശയങ്ങളും യുക്തിവാദവും നിരീശ്വര ചിന്തകളും മാതൃഭാഷ പഠനത്തിന്റെ പേരിൽ അറബി, ഉറുദു ഭാഷകളെ തമസ്‌കരിക്കാനുള്ള സർക്കാർ നീക്കവും അണിയറയില്‍ നടക്കുന്നതായി യോഗം വിലയിരുത്തി. സ്‌കൂള്‍ സമയം നേരത്തെ ആക്കാനുളള പാഠ്യ പദ്ധതിയിലെ നിർദേശം സാമൂഹ്യ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ അംഗീകരിക്കാനാവില്ലെന്ന് യോഗം കൂട്ടിച്ചേര്‍ത്തു. വൈത്തിരിയില്‍ നടക്കുന്ന ത്രിദിന എക്‌സിക്യൂട്ടീവ് ക്യാമ്പ് 21ന് തിങ്കളാഴ്ച സമാപിക്കും. പാഠ്യ പദ്ധതി പരിഷ്‌കരണത്തിൽ ലിംഗ സമത്വം ഉൾപ്പെടെയുള്ള വിവാദ ഭാഗങ്ങൾ നീക്കം ചെയ്ത് കൂടുതൽ സ്വീകാര്യമായ ലിംഗ നീതി എന്ന പദം ഉൾപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയ മുഖ്യമന്ത്രി ലിബറൽ ആശയങ്ങൾ അടിച്ചേൽപിക്കുന്നതിന്റെ ഭാഗമായി മലക്കം മറിയുകയാണ്. പാഠ്യ പദ്ധതി കാലോചിതമായി പരിഷ്ക്കരിക്കേണ്ടത് അനിവാര്യമാണ് എന്നാൽ കമ്യൂണിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കാനാണ് നീക്കമെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ പി. ഇസ്മായില്‍, മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ പ്രസീഡിയം നിയന്ത്രിച്ചു. അസീസ് കളത്തൂർ, സഹീർ ആസിഫ്, എം.പി നവാസ്, സി.കെ ആരിഫ്, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.എ ജലീല്‍, പി.എച്ച് സുധീര്‍, അഡ്വ. വി.പി നാസര്‍, പി. ബിജു, ഷാഫി കാട്ടില്‍, ഹാരിസ് കരമന, ഫൈസ് പൂവ്വച്ചല്‍, ഇ.എ.എം അമീന്‍, ടി. ഡി കബീർ, യൂസുഫ് ഉളുവാർ, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, കുരിക്കല്‍ മുനീര്‍, എ.എം അലി അസ്ഗര്‍, കെ.എ മുഹമ്മദ് ആസിഫ്, എ. സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി ചര്‍ച്ചയിൽ പങ്കെടുത്തു.