• admin

  • February 5 , 2020

തൃശൂര്‍ : നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിനൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി കേരള ആരോഗ്യ സര്‍വകലാശാലയും മുന്നിട്ടിറങ്ങുന്നു. കേരള ആരോഗ്യ സര്‍വകലാശാലക്ക് കീഴിലെ 312 കോളേജുകളിലുളള ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളേയും 18000 ലെറെ അദ്ധ്യാപകരേയും ഏകോപിപ്പിച്ച കൊണ്ടാണ് സമഗ്രമായ ബോധവല്‍ക്കരണ പ്രതിരോധ പരിപാടികള്‍ക്ക് കേരള ആരോഗ്യ സര്‍വകലാശാല രൂപം നല്‍കുന്നത്. ഇതിന്റെ ഭാഗമായി പത്ത് ലക്ഷം വീടുകളില്‍ കൊറോണ ബാധ സംബന്ധിച്ച ബോധവല്‍ക്കരണ ഉപാധികള്‍ എത്തിക്കും. സ്‌കൂളുകളിലും കോളേജുകളിലും ബോധവല്‍ക്കരണ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. പൊതുജനാരോഗ്യ വകുപ്പ് ഇപ്പോള്‍ കൈകൊണ്ടിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് അവരുടെ സഹകരണത്തോടെയാവും നടപടികള്‍ കൈകൊളളുകയെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മോഹന്‍കുമാര്‍ പറഞ്ഞു.കൊറോണ വൈറസ് ബാധ സംബന്ധിച്ച് കേരള ആരോഗ്യ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ വിളിച്ച് ചേര്‍ത്ത ആരോഗ്യ വിദഗ്ധരുടെ പ്രത്യേക യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറോളജി ലേഖലയിലും പൊതുജനാരോഗ്യ സംരക്ഷണരംഗത്തും ഏറെക്കാലത്തെ പ്രവര്‍ത്തന പരിചയസമ്പത്തുളള ആരോഗ്യ വിദഗ്ധരാണ് യോഗത്തില്‍ പങ്കെടുത്തത്. സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍, കോളേജ് യൂണിയനുകള്‍ എന്നിവയേയും പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. വെറ്റിനറി സര്‍വകലാശാലയുടെ വണ്‍ ഹെല്‍ത്ത് സെന്റര്‍ എന്ന ആശയവും ബോധവല്‍ക്കരണത്തിനുപയോഗിക്കും. വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിച്ച് കൊണ്ട് സത്യസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഡാറ്റബെയ്‌സ് ഉപയോഗപ്പെടുത്തും. സംസ്ഥാന പൊതുജനാരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചും അവ നിര്‍മ്മിക്കുന്ന പ്രചരണസാമഗ്രികള്‍ ഉപയോഗപ്പെടുത്തിയാവും പ്രവര്‍ത്തനം. സ്വന്തമായി പ്രചാരണ ആശയങ്ങള്‍ സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കും എന്നാല്‍ ആരോഗ്യ വിദഗ്ധ സമിതിയുടെ പരിശോധനയിലൂടെ അനുമതി ലഭിച്ചശേഷം മാത്രമാവും അവ പ്രചരിപ്പിക്കുക. ആരോഗ്യ വിദ്യാഭ്യാസ വിദഗ്ധരും ഡോക്ടര്‍മാരുമുള്‍പ്പെട്ട വിദഗ്ധ സമിതിയുടെ മേല്‍ നോട്ടത്തിലാവും ആരോഗ്യ സര്‍വകലാശാലയുടെ ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി കൊണ്ട് പൊതജനാരോഗ്യ സംരക്ഷണ ബോധവല്‍ക്കരണ പ്രചരണ രംഗത്ത് പുതിയ ഇടപെടല്‍ നടത്താന്‍ ഒരുങ്ങുകയാണ് കേരള ആരോഗ്യ സര്‍വകലാശാല.