• admin

  • January 12 , 2022

തിരുവനന്തപുരം : നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിന് (നിഷ്) ഗ്രീന്‍ ക്യാംപസ് അംഗീകാരം. സംസ്ഥാന ഹരിത കേരള മിഷന്‍റെ ഹരിതചട്ടങ്ങള്‍ മികച്ചരീതിയില്‍ നടപ്പിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് 'എ' ഗ്രേഡ് സര്‍ട്ടിഫിക്കേഷന് നിഷ് അര്‍ഹമായത്.   തിരുവനന്തപുരം കളക്ടറേറ്റില്‍ വച്ച് അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് മുഹമ്മദ് സഫീറില്‍ നിന്നും നിഷ് അക്കാദമിക് - ക്ലിനിക്- ഇന്‍റര്‍വെന്‍ഷന്‍ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഡെയ്സി സെബാസ്റ്റ്യന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.   പ്രകൃതി സൗഹൃദമായി ക്യാംപസിനെ നിലനിര്‍ത്തുകയെന്ന ഉത്തരവാദിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ അംഗീകാരമെന്ന് ഡെയ്സി സെബാസ്റ്റ്യന്‍ പറഞ്ഞു. ഹരിതചട്ടങ്ങള്‍ കൃത്യമായി പാലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് അവബോധം നല്‍കുന്നതിന് ഭൂമിത്രസേനക്ലബ്ബിനും നിഷ് മുന്‍കൈ എടുത്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.   ശുചിത്വത്തിനും ഊര്‍ജ്ജസംരക്ഷണത്തിനും മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നല്‍കി ക്യാംപസ് പ്രകൃതി സൗഹൃദമാക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങള്‍ നിഷില്‍ നടന്നുവരുന്നു. ഹരിത ചട്ടങ്ങള്‍ പാലിക്കുന്നതിനുള്ള സമിതിയും രൂപീകരിച്ചിട്ടുണ്ട്.   വിദ്യാര്‍ത്ഥികളും ജീവനക്കാരും ചേര്‍ന്ന് ക്യാംപസ് ശുചീകരണ യജ്ഞം നടത്തുന്നുണ്ട്. ഹരിത ദൗത്യങ്ങളുടെ ഭാഗമായി സോളാര്‍ പാനല്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍, എല്‍ഇഡി ബള്‍ബ്, ബയോഗ്യാസ് പ്ലാന്‍റ് തുടങ്ങിയവ ക്യാംപസില്‍ സജ്ജമാക്കിയിട്ടുണ്ട്.