നാളെ മുതൽ കാലവർഷം വീണ്ടും ശക്തമാകും; അ‍ഞ്ചു ദിവസം വ്യാപക മഴ, ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ 22 മുതൽ 27 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

തെക്ക് പടിഞ്ഞാറൻ ബിഹാറിന് മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. വടക്ക് കിഴക്കൻ രാജസ്ഥാനു മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തിൽ അടുത്ത ഏഴുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാ​ഗ്രതയുടെ ഭാ​ഗമായി വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലർട്ട്:

22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
24/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
25/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ശനിയാഴ്ച) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *