കൽപ്പറ്റ : ദേശിയ പണിമുടക്ക് ദിവസവും വയനാട് ടൗൺഷിപ്പിൽ നിർമ്മാണ പ്രവർത്തനങ്ങൾ സജീവമായി നടന്നു.യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ടൗൺഷിപ്പിനെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിരുന്നു.കൽപ്പറ്റ നഗരത്തിൽ തുറന്നു പ്രവർത്തിച്ച ബാങ്ക് ഉൾപ്പെടെ അടപ്പിച്ച സമരക്കാർ ടൗൺഷിപ്പിലേക്ക് എത്തിയതേയില്ല.ആയിരത്തിലേറെ തൊഴിലാളികൾ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.ഫെബ്രുവരി അവസാനവാരമാണ് ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. ഇതിനായി വിശ്രമമില്ലാത്ത പ്രവർത്തനങ്ങളാണ് നടക്കുന്നത്.5 സോണുകളിലും ഒരുപോലെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.ആദ്യഘട്ടത്തിൽ കൈമാറുന്ന വീടുകളുടെ അനുബന്ധ സൗകര്യങ്ങളാണ് ഇപ്പോൾ തകൃതിയായി ഒരുക്കുന്നത്. ചുറ്റുമതിൽ നിർമ്മാണവും മുറ്റത്ത് ടൈൽ പകലും പുരോഗമിക്കുകയാണ്.
റോഡുകളുടെയും ഓവുചാലിന്റെയും വാട്ടർ ടാങ്കിൻ്യും പ്രവർത്തനവും നടക്കുന്നുണ്ട്.അടുത്ത മന്ത്രിസഭാ യോഗത്തിൽ ടൗൺഷിപ്പിന്റെ ഉദ്ഘാടന തീയതി നിശ്ചയിക്കും.നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെ ഈ മാസം തന്നെ ഉദ്ഘാടനം നടത്താനാണ് സർക്കാർ തീരുമാനം.നേരത്തെ ഫെബ്രുവരി 20ന് വീട് കൈമാറ്റം നടത്താനായിരുന്നു തീരുമാനം.എന്നാൽ സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താൻ ആകില്ലെന്ന് നിലപാടിലാണ് സർക്കാർ.ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഉൾപ്പെടെ നടത്താനുണ്ട്.15 നു ശേഷം നറുക്കെടുപ്പ് നടക്കും.ഇതിനുമുമ്പ് സർവകക്ഷിയോഗം ചേരും.യോഗത്തിൽ പൊതു ധാരണ ഉണ്ടാക്കിയ ശേഷമാകും നറുക്കെടുപ്പ് നടക്കുക.
