• admin

  • January 14 , 2020

പാലക്കാട് : കുട്ടികള്‍, ഭിന്നലിംഗക്കാര്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവര്‍ക്കുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തെ കരട് രൂപരേഖ തയ്യാറാക്കി. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 6.75 കോടിയുടെ പദ്ധതി രൂപരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്കായി 29.6 ലക്ഷം രൂപ വകയിരുത്തി. കൂടാതെ വയോജനങ്ങളുടെ ക്ഷേമത്തിനായി 29.6 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. കാര്‍ഷിക മേഖല, അടിസ്ഥാന സൗകര്യ മേഖല എന്നിവയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് മുന്‍വര്‍ഷങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതികള്‍ നടപ്പിലാക്കിയതെന്ന് വര്‍ക്കിങ് ഗ്രൂപ്പ് യോഗം ഉദ്ഘാടനം ചെയ്ത പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ബിന്ദു പറഞ്ഞു. ആരോഗ്യം, കുടിവെള്ളം, ശുചിത്വം തുടങ്ങി വിവിധ മേഖലകളില്‍ മികച്ച ഇടപെടലുകള്‍ നടത്താന്‍ ബ്ലോക്ക് പഞ്ചായത്തിനു കഴിഞ്ഞിട്ടുണ്ട്. നിലവില്‍ ആരംഭിച്ചിട്ടുള്ള പദ്ധതികള്‍ മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി കിഷോര്‍കുമാര്‍ യോഗത്തില്‍ അധ്യക്ഷനായി. പ്രളയബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണം, പ്രളയത്തെ അതിജീവിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവക്കു മുന്‍ഗണന നല്‍കി ഗ്രാമപഞ്ചായത്തുകള്‍ പദ്ധതികള്‍ രൂപീകരിക്കും. ദുരന്തനിവാരണത്തിന് ആവശ്യമായ പദ്ധതികളും പഞ്ചായത്തുകള്‍ വിഭാവനം ചെയ്യണം. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 58 ശതമാനം ഫണ്ടാണ് ബ്ലോക്ക് പഞ്ചായത്ത് വിനിയോഗിച്ചിരിക്കുന്നത്. ഫെബ്രുവരി 20 നകം എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കും. ഭിന്നലിംഗക്കാര്‍ക്കായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച ട്രാന്‍സ്ജന്‍ഡര്‍ കാന്റീന്‍ പോലുള്ള സംരംഭങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരംഭിക്കണമെന്നും വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ നിര്‍ദ്ദേശിച്ചു.