കൽപ്പറ്റ : സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നാലാം നൂറുദിനത്തിന്റെ ഭാഗമായുളള തദ്ദേശ സ്വയംഭരണ വകുപ്പ് വയനാട് ജില്ലാ തദ്ദേശ അദാലത്ത് ഒക്ടോബര്‍ 1 ന് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയതും എന്നാല്‍ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികള്‍, തദ്ദേശ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, സ്ഥിരം അദാലത്ത് സമിതികളിലെ പരാതികള്‍, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകളില്‍ തീര്‍പ്പാകാത്ത പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും അദാലത്തില്‍ പരിഗണിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍, നിര്‍ദ്ദേശങ്ങള്‍ , ബില്‍ഡിംഗ് പെര്‍മിറ്റ്, കംപ്ലീഷന്‍, ക്രമവല്‍ക്കരണ സര്‍ട്ടിഫിക്കറ്റ്, വ്യാപാര, വാണിജ്യ, വ്യവസായ, സേവന ലൈസന്‍സുകള്‍, സിവില്‍ രജിസ്‌ട്രേഷന്‍, നികുതികള്‍, ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വ്വഹണം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, മാലിന്യ സംസ്‌കരണം, പൊതു സൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെ കാര്യക്ഷമത എന്നീ വിഷയങ്ങളിലെ പരാതികള്‍ അദാലത്തില്‍ സ്വീകരിക്കും.adalat.lsgkerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സെപ്തംബര്‍ 25 നകം പരാതികള്‍ നല്‍കാം.