• admin

  • January 16 , 2020

തിരുവനന്തപുരം : കേരളത്തിലെ ഡാമുകളുടെ റിസര്‍വോയറുകളില്‍ നിന്ന് മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് കേരള ജലസേചന വകുപ്പ് നടപ്പാക്കുന്ന ഡാം ഡീസില്‍റ്റേഷന്‍ പ്രോജക്ടിന് തുടക്കമാവുന്നു. പാലക്കാട് ജില്ലയിലെ മംഗലം, ചുള്ളിയാര്‍ ഡാമുകളായിരുന്നു പൈലറ്റ് അടിസ്ഥാനത്തില്‍ ഏറ്റെടുക്കുവാന്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ മംഗലം ഡാമിന്റെ ടെണ്ടര്‍ പ്രസിദ്ധീകരിച്ചു. 2.95 മില്ല്യന്‍ ക്യൂബിക് മീറ്റര്‍ മണ്ണും ചെളിയും നീക്കം ചെയ്യുവാനാണ് തീരുമാനം. 2017 ലാണ് സര്‍ക്കാര്‍ ഈ പദ്ധതികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പദ്ധതി തയ്യാറാക്കുവാന്‍ സാങ്കേതിക സമിതിയും പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ചീഫ് സെക്രട്ടറി ചെയര്‍മാനായി എംപവേര്‍ഡ് കമ്മിറ്റിയും രൂപികരിച്ചു. പദ്ധതി തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനുമായി വ്യക്തമായ സ്റ്റാന്റേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജ്യറും (എസ്ഒപി) മന്ത്രിസഭ അംഗീകരിച്ചു. എന്‍സിഇഎസ്എസ്, കെഇആര്‍ഐ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1170 മണ്ണു സാമ്പിളുകള്‍ ശേഖരിച്ചു മണ്ണിന്റെ ഘടന പരിശോധിച്ചു. പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ചു തയ്യാറാക്കിയ പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍, മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാന്‍ എന്നിവ തയ്യാറാക്കുകയും വിശദമായ പദ്ധതി രേഖ തയ്യാറാക്കി അംഗീകാരം നേടുകയും ചെയ്തു. ആഗോള ടെണ്ടര്‍ അടിസ്ഥാനത്തിലുള്ള കരാര്‍ വ്യവസ്ഥകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 'ടേണ്‍ കീ' അടിസ്ഥാനത്തിലാണ് ടെണ്ടര്‍ ചെയ്തിട്ടുള്ളത്. കൂടുതല്‍ തുക രേഖപ്പെടുത്തുന്ന ഏജന്‍സിക്ക് കരാര്‍ നല്‍കും. റിസര്‍വോയറിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാത്തതും പരിസ്ഥിതിക്കു ഹാനിയുണ്ടാകാത്തതുമായ രീതിയില്‍ നിലവിലുള്ള ഗതാഗതത്തെ ബാധിക്കാതെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിലവിലുള്ള മത്സ്യകര്‍ഷകരുടെ പുനരധിവാസവും ഉറപ്പാക്കും. മാര്‍ച്ച് മാസത്തോടെ കരാര്‍ ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മൂന്ന് വര്‍ഷം കൊണ്ടു പദ്ധതി പൂര്‍ത്തിയാക്കും. പദ്ധതിയുടെ സുഗമവും സുതാര്യവുമായ നടത്തിപ്പിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനായി മോണിറ്ററിംഗ് കമ്മിറ്റിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങിയ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.