കൽപ്പറ്റ : സർക്കാരിൻ്റെ ഔദ്യോഗിക ചടങ്ങിനിടെ എം.എൽ.എ യെ പരസ്യമായി അപമാനിച്ച കെ.എസ്.എഫ്.ഇ റീജിയണൽ മാനേജർ ശ അഞ്ജന അനീഷിനെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്
മാനേജിംഗ് ഡയറക്ടർക്ക് പരാതി.വയനാട്ടിൽ അടുത്തിടെ നടന്ന ടൗൺഷിപ്പ് താക്കോൽ കൈമാറ്റ ഔദ്യോഗിക ചടങ്ങിനിടെ കെ.എസ്.എഫ്.ഇ റീജിയണൽ മാനേജർ ശ്രീമതി അഞ്ജന അനീഷിന്റെ ഭാഗത്തുനിന്നുണ്ടായ അങ്ങേയറ്റം അപലപനീയവും ചട്ടവിരുദ്ധവുമായ പെരുമാറ്റത്തെക്കുറിച്ച് അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ പരാതി നൽകിയതെന്ന് പരാതിക്കാരനായ കെ.എസ്.യു.വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ ഗൗതം ഗോകുൽദാസ് പറഞ്ഞു.
ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ അഡ്വ.ടി.സിദ്ദിഖ് സംസാരിക്കുമ്പോൾ,അദ്ദേഹത്തെ പരസ്യമായി അപമാനിക്കുന്ന തരത്തിലും പരിഹസിക്കുന്ന രീതിയിലുമാണ് അഞ്ജന അനീഷ് പെരുമാറിയത്.എം.എൽ.എ-യ്ക്ക് നേരെ കൂവൽ ഉയർന്ന സമയത്ത്,ഉദ്യോഗസ്ഥ അത് ആസ്വദിച്ച് ചിരിക്കുയും,അവർ നേരിട്ട് അദ്ദേഹത്തെ കൂവുകയും ചെയ്തു എന്നത് അങ്ങേയറ്റം ഗൗരവതരമാണ്. ഇതിന്റെ വ്യക്തമായ ദൃശ്യങ്ങൾ വാർത്താ ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ടന്നും പരാതിയിൽ പറയുന്നു.കെ.എസ്.എഫ്.ഇ പോലൊരു പ്രമുഖ പൊതുമേഖലാ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഒരു ഔദ്യോഗിക വേദിയിൽ നിൽക്കുമ്പോൾ,അവിടെ വെച്ച് ഒരു ജനപ്രതിനിധിയെ ബോധപൂർവ്വം ഇത്തരത്തിൽ അപമാനിച്ചത് യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല.
1960-ലെ കേരള ഗവൺമെന്റ് സർവന്റ്സ് കോൺഡക്റ്റ് റൂൾസ് (Kerala Government Servants’ Conduct Rules, 1960) പ്രകാരം ജനപ്രതിനിധികളോട് ഔചിത്യത്തോടെയും ബഹുമാനത്തോടെയും പെരുമാറേണ്ടത് ഏതൊരു ഉദ്യോഗസ്ഥന്റെയും അടിസ്ഥാന കടമയാണ്. ഈ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് റീജിയണൽ മാനേജറുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇത്തരം പെരുമാറ്റങ്ങൾ കെ.എസ്.എഫ്.ഇ എന്ന സ്ഥാപനത്തിന്റെ സൽപ്പേരിന് വലിയ തോതിൽ കളങ്കം വരുത്തുന്നതാണ്.ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും,ഒരു ജനപ്രതിനിധിയെ പൊതുവേദിയിൽ വെച്ച് അധിക്ഷേപിച്ച അഞ്ജന അനീഷിനെതിരെ സമഗ്രമായ അന്വേഷണം നടത്തി സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും
കെ എസ് യു വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ്
അഡ്വ ഗൗതം ഗോകുൽദാസ് ആവശ്യപ്പെട്ടു.
സംഭവത്തിന്റെ വാർത്താ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ/പകർപ്പുകൾ എന്നിവ കൂടെ ചേർത്താണ് പരാതി നൽകിയിട്ടുള്ളത്.
