• admin

  • January 12 , 2020

കണ്ണൂര്‍ : കണ്ണൂര്‍ : ജില്ലയില്‍ എത്തിച്ചേരുന്ന വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ വിവരങ്ങളും അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ കീഴില്‍ സ്ഥാപിക്കുന്ന ടൂറിസം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ കേന്ദ്രത്തിന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തറക്കല്ലിട്ടു. വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കലും അവരുടെ സുരക്ഷ ഉറപ്പുവരുത്തലും വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദ ടൂറിസം പ്രാദേശിക സമൂഹങ്ങള്‍ വഴി ഉറപ്പ് വരുത്തണം. മലനാട് റിവര്‍ ക്രൂയിസ് ടൂറിസം, തലശ്ശേരി പൈതൃക ടൂറിസം തുടങ്ങിയ പദ്ധതികള്‍ കണ്ണൂരിന്റെ ടൂറിസം മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകും. കണ്ണൂര്‍ അന്താരാഷട്ര വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിദേശ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തി വരുന്നു. അഴീക്കല്‍ തുറമുഖം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്നതായി അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. കണ്ണൂരിന്റെ തനതായ തെയ്യം കലാരൂപത്തെയും കൈത്തറി മേഖലയെ പരിചയപ്പെടുത്തുന്നതായി ഒരു മ്യൂസിയം ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തോടെ ആരംഭിക്കുന്നതിന് പദ്ധതിയിടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരിന്റെ വളര്‍ന്നു വരുന്ന ടൂറിസം സാധ്യതകളെ പരിഗണിച്ചുകൊണ്ടാണ് കണ്ണൂരിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനും സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ കേന്ദ്രം ആരംഭിക്കുന്നത്. തദ്ദേശീയരും വിദേശീയരുമായ സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്താന്‍ ഇന്‍ഫര്‍മേഷന്‍ കേന്ദ്രം സഹായകരമാവും. 2 കോടി രൂപ മുതല്‍ മുടക്കിലാണ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രം സ്ഥാപിക്കുന്നത്. എക്‌സിബിഷന്‍ സെന്റര്‍, ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, ശുചിത്വമുറികള്‍, കഫെറ്റീരിയ എന്നീ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രം.ഊരാളുങ്കല്‍ സൊസൈറ്റിയാണ് കെട്ടിടം നിര്‍മിക്കുന്നത്.