• admin

  • March 3 , 2020

തൃശൂര്‍ : കര്‍ഷകരില്‍ നിന്ന് പരമാവധി നെല്ല് സംഭരിക്കാന്‍ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണത്തിന്റെ രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ ഇതുവരെ സംഭരിച്ചത് 49.8 കോടി രൂപ മൂല്യമുള്ള 18444 ടണ്‍ നെല്ല്. കൊയ്ത്തു നടക്കുന്ന വേളയില്‍ തന്നെ മില്ല് അനുവദിച്ച് കിട്ടുന്നതിനാല്‍ കൊയ്ത്തു കഴിഞ്ഞ് നെല്ല് വൃത്തിയാക്കുന്നതോടെ സംഭരണം തുടങ്ങാന്‍ സാധിക്കും. ദിവസങ്ങളോളം പാടത്ത് നെല്ല് കിടക്കേണ്ടി വരുന്ന അവസ്ഥയും ഉണ്ടാകില്ല. കര്‍ഷകര്‍ അപേക്ഷകള്‍ യഥാസമയം അതത് കൃഷിഭവനിലും തുടര്‍ന്ന് കൃഷി ഓഫീസര്‍മാരുടെ ശുപാര്‍ശയോടെ സംഭരണ ഓഫീസിലും എത്തിക്കുന്നതിനാല്‍ കാലതാമസം ഉണ്ടാവില്ല. കര്‍ഷകര്‍ക്ക് സ്വകാര്യ മില്ലുകള്‍ നല്‍കുന്നതിനേക്കാള്‍ അധിക തുകയാണ് സംഭരണ വിലയായി സപ്ലൈകോ നല്‍കുന്നത്. പുറത്ത് 18/19 രൂപ സംഭരണ വിലയായി നല്‍കുമ്പോള്‍ സപ്ലൈകോ നല്‍കുന്നത് കിലോഗ്രാമിന് 26.95 രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 18.15 രൂപക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 8.80 രൂപ കൂടി ഉള്ളതു കൊണ്ടാണ് ഈ വില ലഭിക്കുന്നത്. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക നിക്ഷേപിക്കുക. കൂടാതെ ജില്ല സഹകരണ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഗ്രാമീണ്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കനറാ ബാങ്ക് എന്നീ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പിആര്‍എസ് വായ്പാ പദ്ധതി പ്രകാരം വായ്പയായി നല്‍കുന്ന തുക പലിശ സഹിതം സപ്ലൈകോ തിരിച്ചടക്കുന്ന രീതിയാണ് ഉള്ളത്. ഇതിനായി പിആര്‍എസ് രസീതുകള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നപക്ഷം അതാത് ബാങ്കുകളില്‍ സമര്‍പ്പിക്കണം. ബാങ്കുകളില്‍ രസീത് സമര്‍പ്പിച്ച് രണ്ടാമത്തെ ദിവസം കര്‍ഷകരുടെ അക്കൗണ്ടില്‍ മുഴുവന്‍ തുകയും വന്നു ചേരുന്നതോടെ സംഭരണം കൂടുതല്‍ സുതാര്യമാകുന്നു. സംഭരണത്തിനുള്ള നെല്ലിന് സപ്ലൈകോ നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാര സൂചിക ഇപ്രകാരമാണ്. ബാഹ്യ വസ്തുക്കള്‍ (ജൈവം 1% അജൈവം 1%,), കേടായത്/മുളച്ചത് 4%, നിറം മാറിയത് 1%, പാകമാകാത്തതും ചുരുങ്ങിയതും 3%, താഴ്ന്ന ഇനങ്ങളുടെ കലര്‍പ്പ് 6%, ഈര്‍പ്പം 17%. കൂടാതെ നെല്ല് കാഴ്ചയില്‍ ഒരേ പോലെ ആയിരിക്കുകയും വേണം. നെല്ല് നിറയ്ക്കാന്‍ വേണ്ട ചാക്കുകള്‍ അതത് മില്ലുകള്‍ കര്‍ഷകര്‍ക്ക് അവരുടെ പാടങ്ങളില്‍ എത്തിച്ചു നല്‍കും. ചാക്കിലാക്കി ലോഡിങ്ങ് പോയിന്റില്‍ എത്തിച്ചു നല്‍കേണ്ടത് കര്‍ഷകന്റെ ചുമതലയാണ്. ജില്ലയില്‍ നെല്ല് സംഭരണത്തിനായി സപ്ലൈകോയുമായി 36 മില്ലുകളാണ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. സംഭരണത്തിനുള്ള രണ്ടാംഘട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 25നാണ് അവസാനിച്ചത്. 42017 പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. തൃശൂര്‍ താലൂക്കിലാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത്. 18087 പേര്‍. ചാലക്കുടി താലൂക്ക്2639, ചാവക്കാട്3645, കൊടുങ്ങല്ലൂര്‍209, മുകുന്ദപുരം4878, തലപ്പിള്ളി12559 എന്നിങ്ങനെയാണ് മറ്റു താലൂക്കില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ എണ്ണം. തലപ്പിള്ളി താലൂക്കില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത്. 14793 ടണ്‍. ചാലക്കുടി 5409, ചാവക്കാട് 1536, കൊടുങ്ങല്ലൂര്‍ 675, മുകുന്ദപുരം 8321, തൃശൂര്‍ 2056 എന്നിങ്ങനെയാണ് മറ്റു താലൂക്കില്‍ സംഭരിച്ച നെല്ലിന്റെ അളവ്. 2020 ജൂണിലാണ് നെല്ല് സംഭരണം പൂര്‍ത്തിയാക്കുക.