വാഷിങ്ടണ്‍ : ചൈനയില്‍നിന്നുള്ള ആറുലക്ഷം വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.ചൈനയുമായുള്ള പിഴച്ചുങ്കമടക്കം തീരുവച്ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ട്രംപിന്റെ നീക്കം.ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനമാണെന്നും ട്രംപ് വ്യക്തമാക്കി.
‘നികുതിയിനത്തിലും മറ്റും ധാരാളം പണം അവിടെനിന്ന് യുഎസിലേക്കു വരുന്നുണ്ട്.അതുകൊണ്ടുതന്നെ ചൈനയുമായി നല്ലരീതിയില്‍ മുന്നോട്ടുപോകാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, അത് മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തെ ബന്ധത്തില്‍നിന്ന് വ്യത്യസ്തമായിരിക്കും’ട്രംപ് പറഞ്ഞു.
യുഎസ് മാധ്യമമായ ഫോക്‌സ് ന്യൂസിന്റെ കണക്കുപ്രകാരം വിവിധ യുഎസ് സര്‍വകലാശാലകളിലായി നിലവില്‍ 2,70,000 ചൈനീസ് വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.കമ്യൂണിസ്റ്റ് ബന്ധമുള്ളവരോ പ്രധാന ഗവേഷണമേഖലയിലുള്ളവരോ ആയ ചൈനീസ് പൗരരുടെ വിസ റദ്ദുചെയ്യുമെന്ന് മെയില്‍ യുഎസ് ആഭ്യന്തര സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ജൂണ്‍മുതല്‍ ഇതിനുവിരുദ്ധമായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്.