• admin

  • June 2 , 2021

കൽപ്പറ്റ :   വയനാട്ടിലെ ഗോത്ര വിഭാഗമായ പണിയ സമുദായത്തിൻ്റെ ഭാഷയും സംസ്കാരവും കൽചുമരുകളിൽ ദൃശ്യാവിഷ്ക്കാരിച്ച് രണ്ട് യുവാക്കൾ.. കമ്പളക്കാട് ഏച്ചോം സ്വദേശികളായ പണിയ വിഭാഗത്തിലെ രാജേഷ് എഞ്ചലനും അപ്പുവുമാണ് ലോക്ക്ഡൗൺ കാലത്ത് തങ്ങളുടെ ഗോത്ര ചരിത്രവും സംസ്കാരവും ചിത്രങ്ങളാക്കി മാറ്റിയത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആദിവാസി പഠന ഗവേഷണ കേന്ദ്രമായ തുടിയുടെ സംരക്ഷണ ഭിത്തിയിലാണ് ഇവർ ചിത്രങ്ങൾ വരച്ചത്. കരിങ്കൽ പ്രതലമായതിനാൽ ഏറെ പണിപ്പെട്ടാണ് ചായം പൂശി ചെയ്തത്. പണിയ ഭാഷ ലിപി ഇല്ലാത്ത ഭാഷ ആയതിനാൽ പല വാക്കുകളും ഇപ്പോഴും പൊതുസമൂഹത്തിന് അന്യമാണ്. ഇവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന തനത് വാക്കുകളും, വയനാട് ചുരം കണ്ടുപിടിച്ചത് എന്ന് വിശ്വസിക്കപ്പെടുന്ന കരിന്തണ്ടൻ്റെയും, അടിയന്തരം പോലുള്ള മത ആചാര ചടങ്ങുകളുടെയും ചിത്രങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രൊഫഷണലായി ചിത്രകല പഠിച്ചിട്ടുള്ള രാജേഷും അപ്പുവും ഇതിനോടകം നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഗോത്രസംസ്കൃതിയുടെ ചരിത്രവും പ്രാധാന്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതാണ് തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഇവർ പറഞ്ഞു. വയനാട്ടിലെ ഗോത്ര വിഭാഗത്തിനെന്നും അഭിമാനിക്കാവുന്ന രണ്ട് യുവ രത്നങ്ങളാണ് രാജേഷും അപ്പുവുമെന്ന് തുടി ഡയറക്ടർ ഫാ. ബേബി ചാലിൽ പറഞ്ഞു. ഇവരെപ്പോലെ നിരവധി യുവതീ യുവാക്കളാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി തുടിയിൽ നിന്നും കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്. ഗോത്ര പൈതൃക സംരക്ഷണ വഴിയിൽ തുടി വ്യത്യസ്തമാകുന്നതും ഇവരിലൂടെയാണ്.