കൽപ്പറ്റ : ക്രൈസ്തവ വിശ്വാസികളുടെ ആശ്രയവും അഭയവുമായ പരിശുദ്ധ പരുമല ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപെരുന്നാൾ കൽപ്പറ്റ സെൻമേരിസ് ഓർത്തഡോക്സ് ദേവാലയത്തിൽ നവംബർ 2, 3 തീയതികളിൽ സമുചിതമായി കൊണ്ടാടും.പരിശുദ്ധന്റെ തിരുശേഷിപ്പ് കൽപ്പറ്റ ഓർത്തഡോക്സ് ദേവാലയ കൂദാശയിൽ ഇക്കഴിഞ്ഞ ജനുവരി 17ന് സഭയുടെ പരമാധ്യക്ഷൻ സ്ഥാപിച്ചതിന് ശേഷം ആദ്യമായി നടക്കുന്ന ഓർമ്മപ്പെരുന്നാളിന്റെ വിപുലമായ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി വികാരി ഫാദർ സഖറിയ വെളിയത്ത് അറിയിച്ചു. നവംബർ രണ്ടിന് ശനിയാഴ്ച വൈകിട്ട് കൊടിയേറുന്ന പെരുന്നാൾ മൂന്നിന് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം പെരുന്നാൾ ചടങ്ങുകളോടെ അവസാനിക്കും. ഭക്തർക്കായുള്ള വിശേഷാൽ പ്രാർത്ഥന നിയോഗ സമർപ്പണം, പ്രദക്ഷിണം, ആശിർവാദം,ലേലം, നേർച്ച തുടങ്ങി നിരവധി തിരുകർമ്മങ്ങൾ പെരുന്നാളിൽ ക്രമീകരിച്ചിട്ടുണ്ട്. നാനാജാതി മതസ്ഥർക്ക് പെരുന്നാൾ ഏറ്റു കഴിക്കാൻ അവസരം ഉണ്ടായിരിക്കും. സങ്കടമുക്തിക്കും അഭിഷ്ഠ സിദ്ധിക്കുമായി പെരുന്നാളിന് സമർപ്പിക്കേണ്ട നിയോഗങ്ങളും പേരുകളും നവംബർ രണ്ടിന് വൈകുന്നേരം പെരുന്നാൾ കൊടിയേറ്റിന് മുമ്പ് പള്ളിക്കാര്യത്തിൽ ഏൽപ്പിക്കേണ്ടതാണെന്ന് ട്രസ്റ്റി കെ കെ ജോൺസൺ കൊള്ളന്നൂർ അറിയിച്ചു.
