• admin

  • February 21 , 2020

തിരുവനന്തപുരം : ക്ഷേത്രങ്ങളിലെ സ്വര്‍ണവും വെള്ളിയും റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. നിത്യാവശ്യത്തിനൊഴികെയുള്ള സ്വര്‍ണവും വെള്ളിയുമാണ് ഇത്തരത്തില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള കണക്കെടുപ്പ് ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ 24 കിലോയോളം സ്വര്‍ണവും അത്രതന്നെ വെള്ളിയും നിക്ഷേപിക്കാനാവുമെന്നാണ് കരുതുന്നത്. വിലയുടെ രണ്ട് ശതമാനം പലിശയായി ദേവസ്വം ബോര്‍ഡിന് ലഭിക്കും. തിരൂവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലെയും ഉരുപ്പടികളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ച ഉരുപ്പടികള്‍ ചടങ്ങുകള്‍ക്ക് ആവശ്യമുള്ളവ, അല്ലാത്തവ, പൗരാണിക മൂല്യമുള്ളത് എന്നിങ്ങനെ വേര്‍തിരിക്കും. ഇതില്‍ നിന്ന് ക്ഷേത്രാവശ്യത്തിനു ഉപയോഗിക്കുന്നതും പൗരാണിക മൂല്യമുള്ളതുമായവ മാറ്റും. കാണിക്കയായും നടവരവായും ലഭിച്ചവയാണ് ക്ഷേത്രാവശ്യത്തിന് ഉപയോഗിക്കാത്ത ഉരുപ്പടികളിലേറെയും. ഇവയെല്ലാം ഉരുക്കി സ്വര്‍ണക്കട്ടിയാക്കിയാണ് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുക. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇത്തരത്തില്‍ ഉരുപ്പടികള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നുണ്ട്. ക്ഷേത്രങ്ങളിലെ നിത്യാവശ്യത്തിനുപയോഗിക്കാത്ത സ്വര്‍ണമാണ് നിക്ഷേപിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇത് കട്ടിയാക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം ഇത് പണ്ടു മുതലേ ചെയ്യുന്നതാണ്. സ്വര്‍ണവും വെള്ളിയും സുരക്ഷിതമായിരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.