• admin

  • March 23 , 2022

ഡൽഹി :   കേരളത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് മറ്റൊരു അഭിമാന നേട്ടം കൂടി. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗ മുക്ത നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷന്റെ (Sub National certification of progress towards TB free status) ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തില്‍ സില്‍വര്‍ കാറ്റഗറിയിലാണ് സംസ്ഥാനത്തിന് പുരസ്‌കാരം ലഭിച്ചത്. 2015നെ അപേക്ഷിച്ച് 2021ല്‍ 40 ശതമാനത്തിലധികം ക്ഷയരോഗനിരക്ക് കുറഞ്ഞതിനാണ് പുരസ്‌കാരം ലഭിച്ചത്. സംസ്ഥാനങ്ങളുടെ പട്ടികയില്‍ സില്‍വര്‍ കാറ്റഗറിയില്‍ പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനമാണ് കേരളം. ഇതുകൂടാതെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലകള്‍ക്കും പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച പ്രവര്‍ത്തനം നടത്തിയ മലപ്പുറം, വയനാട് ജില്ലകള്‍ക്ക് ഗോള്‍ഡ് കാറ്റഗറിയില്‍ പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ക്ക് സില്‍വര്‍ കാറ്റഗറിയിലും എറണാകുളം, കണ്ണൂര്‍ ജില്ലകള്‍ക്ക് ബ്രോണ്‍സ് കാറ്റഗറിയിലും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.