• admin

  • February 19 , 2022

കൊച്ചി : അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് ക്ലൗഡ് കംപ്യൂട്ടിങില്‍ പരിശീലനം നല്‍കുന്നതിനായി ടെക്മഹീന്ദ്ര ഫൗണ്ടേഷന്‍ എഡബ്ല്യൂഎസുമായി ചേര്‍ന്ന് സൗജന്യ റി/സ്റ്റാര്‍ട്ട് കോഴ്‌സ് സംഘടിപ്പിക്കുന്നു. ടെക് മഹിന്ദ്ര ലിമിറ്റഡിന്റെ സിഎസ്ആര്‍ വിഭാഗമാണ് ടെക് മഹിന്ദ്ര ഫൗണ്ടേഷന്‍. പ്രായോഗിക കരിയര്‍ മികവുകള്‍ക്കൊപ്പം ക്ലൗഡ് മേഖലയില്‍ തൊഴില്‍ സാധ്യത തുറക്കുന്നതിന് സഹായിക്കുന്ന പരിശീലനങ്ങള്‍ ഉള്‍പ്പെടുന്നതാണ് 12 ആഴ്ച നീണ്ടുനില്‍ക്കുന്ന കോഴ്‌സ്. ഹൈദരാബാദ്, മൊഹാലി, വിശാഖപട്ടണം, ബംഗലുരു, ഡല്‍ഹി, മുംബൈ, പൂനെ എന്നിവിടങ്ങളിലെ മഹിന്ദ്ര സ്മാര്‍ട്ട് അക്കാഡമീസ് ഒഫ് ഡിജിറ്റല്‍ ടെക്‌നോളജീസ് ആണ് ഓണ്‍ലൈനായി പരിശീലനം സംഘടിപ്പിക്കുന്നത്.   കോഴ്‌സില്‍ ചേരുന്നതിന് സാങ്കേതിക മുന്‍പരിചയം ആവശ്യമില്ല. വിദ്യാര്‍ഥികള്‍ക്ക് അഭ്യാസങ്ങളിലൂടെയും ലാബുകളിലൂടെയും കോഴ്‌സ് വര്‍ക്കിലൂടെയും ലിനെക്‌സ്, പൈതോണ്‍ എന്നീ പ്രോഗ്രാമിങ് ഭാഷകളിലും നെറ്റ് വര്‍ക്കിങിലും സെക്യൂരിറ്റിയിലും ഡാറ്റാ ബെയ്‌സ് കഴിവുകളിലും പ്രാവീണ്യം നേടാം. ഇതുവഴി ഓപ്പറേഷന്‍, സൈറ്റ് റിലയബിലിറ്റി, ഇന്‍ഫ്രാസ്ട്രക്ചര്‍ സപ്പോര്‍ട്ട് തുടങ്ങിവയില്‍ മികവുവേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.techmahindrafoundation.org/ സൈറ്റ് സന്ദര്‍ശിക്കാം.   ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സാധ്യമാക്കുന്ന ഈ നൂറ്റാണ്ടിലെ നൂതന സാങ്കേതികതയാണ് ക്ലൗഡ് കംപ്യൂട്ടിങ് എന്നും ഇതിനായി അഭ്യസ്തവിദ്യര്‍ക്ക് പരിശീലനം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും ടെക് മഹിന്ദ്ര ഫൗണ്ടേഷന്‍ സിഇഒ രാകേഷ് സോനി പറഞ്ഞു. നവസാങ്കേതികതയ്ക്കായി പൗരന്മാരെ പ്രാപ്തമാക്കുന്നതില്‍ ടെക് മഹിന്ദ്രയുമായി സഹകരിക്കുന്നത് ആഹ്ലാദകരമാണെന്ന് എഡബ്ല്യൂഎസ് ട്രെയ്‌നിങ് ആന്‍ഡ് സെര്‍ട്ടിഫിക്കേഷന്‍ മേധാവി അമിത് മെഹ്ത പറഞ്ഞു.