• Lisha Mary

  • March 20 , 2020

ആലപ്പുഴ : ജില്ലയില്‍ ആയിരത്തിലധികം ആളുകള്‍ കോവിഡ് 19മായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അറിഞ്ഞതോടെ അവരെ പറ്റിയുള്ള ആവലാതി ആയിരുന്നു അക്ഷര മുത്തശ്ശി കാര്‍ത്ത്യായനി അമ്മ. ദിവസേനയുള്ള പത്രവായനയിലൂടെയാണ് ഇത്രയധികം ആളുകള്‍ നിരീക്ഷണത്തിലുണ്ടെന്ന് കാര്‍ത്ത്യായനി അമ്മ അറിഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 96ാം വയസ്സില്‍ കാര്‍ത്ത്യായനി അമ്മ നാലാം തരം പാസ്സായത്. അക്ഷരം പഠിച്ച അന്ന് മുതല്‍ നിത്യേന മുടങ്ങാതെയുള്ള പത്ര വായന അമ്മയുടെ പതിവാണ്. കോവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരക്ഷീണത്തിലുള്ളവര്‍ക്കായി തനിക്കെന്ത് ചെയ്യാനാകും എന്ന ചിന്തയിലാണ് അവരെ ആശ്വസിപ്പിക്കാനായി കത്തെഴുതി അയക്കാന്‍ തീരുമാനിച്ചത്. അവശതകളെ മറന്ന് സാക്ഷരതാ പ്രേരകിന്റെ സഹായത്തോടെ കൈപിടിച്ച് എഴുതിയ കത്തില്‍ കാര്‍ത്ത്യായനിയമ്മ ഒപ്പുവച്ചു. 'എന്റെ പ്രിയപ്പെട്ട മക്കളെ, എന്ന് തുടങ്ങുന്ന കത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്ന ത്യാഗത്തെ ഒരമ്മയുടെ സ്‌നേഹത്തോടെ നോക്കി കാണുകയാണ് കാര്‍ത്ത്യായനി അമ്മ. കൊറോണയെ നമുക്ക് എല്ലാവര്‍ക്കും ഒന്നിച്ച് നേരിടാം. ഐസൊലേഷനില്‍ ഇരിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും നന്ദി പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഇക്കാര്യം അറിഞ്ഞ ജില്ല കളക്ടര്‍ എം. അഞ്ജന കാര്‍ത്ത്യായനി അമ്മയുടെ വീട്ടില്‍ നേരിട്ടെത്തി കത്ത് ഏറ്റുവാങ്ങി. ഹസ്ത ദാനം ഒഴിവാക്കേണ്ട സാഹചര്യമായതിനാല്‍ കൂപ്പു കൈകളോടെ നമസ്‌തെ പറഞ്ഞാണ് കാര്‍ത്ത്യായനി അമ്മ കളക്ടറെ സ്വീകരിച്ചത്. കോവിഡ് 19 ബാധ ഏല്‍ക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ശുചിത്വ ശീലങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവ കാര്‍ത്ത്യായനി അമ്മയുമായി കളക്ടര്‍ ചര്‍ച്ച ചെയ്തു. നാരീ പുരസ്‌കാരം സ്വീകരിക്കാനായി ഡല്‍ഹിയില്‍ പോയ വിശേഷങ്ങളും കളക്ടര്‍ ചോദിച്ചറിഞ്ഞു. ജില്ലയില്‍ ഐസൊലേഷനില്‍ കഴിയുന്ന മുഴുവന്‍ ആളുകളിലേക്കും ഈ കത്ത് എത്തിച്ചു നല്‍കുമെന്ന് ഉറപ്പ് നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്. ഐസൊലേഷന്‍ കഴിയുന്ന ആളുകള്‍ക്ക് ഈ കത്ത് അയക്കാന്‍ ആണ് ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി. സാക്ഷരതാ പ്രേരക് സതി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.