• admin

  • June 18 , 2021

ന്യൂഡൽഹി :

രാജ്യത്ത് ഒരു ലക്ഷം കോവിഡ് 19 മുൻനിര പ്രവർത്തകരെ സജ്ജമാക്കുക എന്നുളളതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്കിൽ ഇന്ത്യയുടെ കീഴിൽ കോവിഡ് 19 മുൻനിര പ്രവർത്തകർക്കായുളള ആറിന ക്രാഷ്കോഴ്സ് പ്രോഗ്രാമിന്റെ ലോഞ്ച് നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'കോവിഡ് 19 വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പരിശീലനം. രണ്ടാംതരംഗത്തിൽ കൊറോണ വൈറസിന് പലതവണ വ്യതിയാനമുണ്ടാകുന്നത് നാം കണ്ടു. ഏതൊക്കെ തരത്തിലുളള വെല്ലുവിളികളാണ് ഇതുയർത്തുന്നതെന്നും നാം മനസ്സിലാക്കി. വൈറസ് നമുക്കിടയിൽ ഇപ്പോഴുമുണ്ട്, അതിന് ഇനിയും വ്യതിയാനങ്ങൾ സംഭവിച്ചേക്കാം. അതിനാൽ ഇനിയുമുണ്ടായേക്കാവുന്ന വെല്ലുവിളികൾ മറികടക്കുന്നതിന് വേണ്ടി രാജ്യത്തിന്റെ തയ്യാറെടുപ്പുകൾ വർധിപ്പിക്കേണ്ടതുണ്ട്.

ഈ ലക്ഷ്യത്തോടെയാണ് രാജ്യത്ത് ഒരു ലക്ഷം കോവിഡ് 19 മുൻനിര പോരാളികളെ സജ്ജീകരിക്കുന്നതിനുളള നടപടികൾ ആരംഭിക്കുന്നത്.' പ്രധാനമന്ത്രി പറഞ്ഞു. പുതിയ ക്രാഷ് കോഴ്സിലൂടെ നിരവധി പേർ മുൻനിര പ്രവർത്തന രംഗത്തെത്തുന്നതോടെ ആരോഗ്യമേഖലയ്ക്ക് പുതിയ ഊർജം കൈവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1500 ഓക്സിജൻ പ്ലാന്റുകൾ നിർമിക്കാനുളള ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കി വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ എല്ലാ ജില്ലയിലേക്കും സേവനം എത്തിക്കാനാവുന്ന രീതിയിലാണ് പ്രവർത്തനം. ഇതിനായി മനുഷ്യവിഭവശേഷിയുടെ ആവശ്യമുണ്ട്. നിലവിൽ രാജ്യത്ത് കോവിഡിനോട് പോരാടിക്കൊണ്ടിരിക്കുന്ന മുൻനിര പോരാളികളെ പിന്തുണയ്ക്കുന്നതിനായി ഒരുലക്ഷം ചെറുപ്പക്കാർക്ക് പരിശീലനം നൽകാനാണ് തീരുമാനം. 2-3 മാസങ്ങൾക്കുളളിൽ പരിശീലനം പൂർത്തിയാകും. സേവനത്തിനായി വേഗത്തിൽ ഇവർ സജ്ജരാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്സ് പ്രോഗ്രാമിന്റെ കീഴിൽ കേന്ദ്ര-സംസ്ഥാന പ്രദേശങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.