സുൽത്താൻ ബത്തേരി : നാഷണൽ ഹൈവേ 766ൽ കൽപ്പറ്റ – സുൽത്താൻ ബത്തേരി റോഡിൽ കൊളഗപ്പാറ,അമ്പലവയൽ റോഡ് ജംഗ്ഷനിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾ തടയാൻ അടിയന്തിര പരിഹാരം കാണണമെന്ന് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ലാ ഘടകം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.നാഷണൽ ഹൈവേയിലൂടെ അമിത വേഗതയിലാണ് വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്നത്.അമ്പലവയൽ റോഡിൽ നിന്നും എൻഎച്ചിലേക്ക് കയറുന്ന വാഹനങ്ങൾ ഓടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. ദിനംപ്രതി വർധിച്ചു വരുന്ന റോഡപകടങ്ങളും മരണങ്ങളും നിത്യ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസ്സുകൾ റോഡിന്ന് വീതിയും സൗകര്യവുമുണ്ടെങ്കിലും റോഡിന്റെ നടുവിൽ നിർത്തിക്കൊണ്ട് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് നേർക്കാഴ്ചകളാണ്. ബസ്സുകൾ നിശ്ചിത സ്ഥലത്ത് നിർത്തുന്നതിന്നായി ബസ് ഷെർട്ടറുകൾ നിർമ്മിക്കണം.തൽക്കാലം സ്റ്റോപ്പ് ബോർഡുകളെങ്കിലും സ്ഥാപിക്കണം.റാഫ് ജില്ലാ ജന:സെക്രട്ടറി സജി മണ്ഡലത്തിന്റെയും,ജെസിൻ എം.സിന്റെയും നേതൃത്വത്തിൽ നൂറോളം പ്രദേശവാസികളും റാഫ് പ്രതിനിധി സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
സുൽത്താൻബത്തേരി സബ് ഡിവിഷനിൽ പെടുന്ന ബത്തേരി,മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധികളിലായി 200 മീറ്റർ അകലങ്ങളിൽ രണ്ട് സ്പീഡ് ബ്രേക്കറുകൾ റോഡിന്ന് ഈ വശങ്ങളിലായി സ്ഥാപിച്ചാൽ ഈ അപകടങ്ങളെ തരണം ചെയ്യാനാകും.അധികൃതരുടെ അനുവാദവും അംഗീകാരവും ഉണ്ടായാൽ സ്പോൺസർഷിപ്പിലൂടെ ഇവ സ്ഥാപിക്കാൻ സമിതി ഒരുക്കമാണ്. നാട്ടുകാരുടെ ആവശ്യങ്ങൾക്കായി റാഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈൻ,വനിതാ പ്രസിഡന്റ് സീതാവിജയൻ,ടിടി സുലൈമാൻ,പി സി അസൈനാർ,രാധ രവീന്ദ്രൻ, ശാലിനി.സി.പി,ഗിരീഷ് മീനങ്ങാടി,പോൾ ആലുങ്കൽ,ഗീത കെ.പി,സിസിലി പി.കെ,പ്രസന്ന കൃഷ്ണൻ,റോഷ്മില്ല ടി.പി തുടങ്ങിയവർ പങ്കെടുത്തു.
