• Lisha Mary

  • March 20 , 2020

പാലക്കാട് : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടയ്ക്കുന്നു. ഇതിന്റെ ഭാഗമായി കോയമ്പത്തൂര്‍ അതിര്‍ത്തിയിലെ ഒന്‍പത് ചെക്കുപോസ്റ്റുകളും അടച്ചിടും. ഇന്ന് വൈകുന്നേരത്തോട് കൂടി ചെക്കുപോസ്റ്റുകള്‍ അടയ്ക്കാനാണ് തീരുമാനം. കോയമ്പത്തൂരില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കേരളത്തില്‍ നിന്ന് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ് ഈ നടപടി. വാളയാര്‍ വഴി അത്യാവശ വാഹനങ്ങള്‍ മാത്രം കടത്തിവിടും. കേരള തമിഴ്നാട് അതിര്‍ത്തികളില്‍ തമിഴ്നാട് സര്‍ക്കാര്‍ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അടക്കം ഇവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ അതിര്‍ത്തി വഴി കടന്നെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച് മരുന്നുകള്‍ തളിച്ച ശേഷം ആണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്. കോയമ്പത്തൂര്‍ കളക്ടറാണ് ചെക്കുപോസ്റ്റുകള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. റവന്യൂ, പോലീസ്, ട്രാന്‍സ്പോര്‍ട്ട് വിഭാഗങ്ങള്‍ സംയുക്തമായി പരിശോധന നടത്തി വാഹനങ്ങളെ തിരിച്ചയക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടു നിലവില്‍ വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് ശേഷം കടത്തിവിടുന്നുണ്ടെങ്കിലും വൈകുന്നേരം ആറുമണിയോടെ പൂര്‍ണമായും അടയ്ക്കാനാണ് തീരുമാനം. നേരത്തെ ആര്യങ്കാവ് ചെക്ക്പോസ്റ്റിലും തമിഴ്നാട് സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ആര്യങ്കാവില് ചെക്ക് പോസ്റ്റിലൂടെ തമിഴ്നാട്ടിലേക്ക് പോകുന്നവരെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പ്രവേശിപ്പിക്കുന്നത്.