• admin

  • January 30 , 2020

ന്യൂഡല്‍ഹി /ബെയ്ജിങ് : കൊറോണ വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരത്തില്‍നിന്ന് ഇന്ത്യക്കാരെ വെള്ളിയാഴ്ച ഒഴിപ്പിക്കാനൊരുങ്ങി ഇന്ത്യ. കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായ ഹുബൈ പ്രവിശ്യയില്‍ നിന്ന് ഇന്ത്യക്കാരെ രണ്ട് വിമാനങ്ങള്‍ ഉപയോഗിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള അനുമതിയാണ് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ വിമാനമാര്‍ഗം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വുഹാന്‍ നഗരത്തിലും സമീപ പ്രദേശത്തുമുള്ള ഇന്ത്യക്കാരെയാവും ആദ്യ വിമാനത്തില്‍ ഒഴിപ്പിക്കുക. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നാണ് സൂചന. ഹുബൈ പ്രവിശ്യയുടെ മറ്റുഭാഗങ്ങളില്‍ ഉള്ളവരെയാവും രണ്ടാമത്തെ വിമാനത്തില്‍ ഒഴിപ്പിക്കുക. കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെയെണ്ണം 170 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 38 ലേറെപ്പേര്‍ മരിച്ചത് ഹുബൈ പ്രവിശ്യയിലാണ്. 1700ലേറെ പേര്‍ക്ക് പുതുതായി വൈറസ് ബാധിച്ചതായും ചൈനീസ് അധികൃതര്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. 7711 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധ 16 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോ എന്നകാര്യം വിലയിരുത്താന്‍ ലോകാരോഗ്യ സംഘടനയുടെ യോഗം ഇന്ന് ചേര്‍ന്നേക്കും. ഇന്ത്യയ്ക്ക് പുറമെ യു.കെ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളെല്ലാം സ്വന്തം പൗരന്മാരെ ചൈനയില്‍നിന്ന് ഒഴിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.