• admin

  • February 12 , 2020

കൊല്ലം : കൊറോണ വൈറസ് രോഗ ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ തുടരുന്നവരുടെ എണ്ണം 218 പേരായി ചുരുങ്ങി. 326 ഓളം പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. നിലവില്‍ രണ്ടു പേര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. 27 പ്രശ്‌നബാധിത രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തി ഗൃഹനിരീക്ഷത്തില്‍ തുടരുന്നവര്‍ 28 ദിവസ കാലാവധി നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിന്നും രോഗബാധ സംശയിക്കുന്നവരെ മെഡിക്കല്‍ കോളേജുകളിലേക്ക് നേരിട്ട് അയക്കുന്നതിനും നിയന്ത്രണമുണ്ട്. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ആദ്യം ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണം. കണ്‍ട്രോള്‍ സെല്ലില്‍ നിന്നും അയയ്ക്കുന്ന ആംബുലന്‍സുകളില്‍ മാത്രമേ ഇവരെ ബന്ധപ്പെട്ട ആശുപത്രികളിലേക്ക് അയയ്ക്കുവാന്‍ പാടുള്ളൂ. ചൈന, സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്റ്, കൊറിയ, ജപ്പാന്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രികര്‍ നിര്‍ബന്ധമായും ഗൃഹ നിരീക്ഷണത്തില്‍ ഇരിക്കേണ്ടതാണ്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ കൊറോണ സര്‍വയിലന്‍സ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ഒരാഴ്ച്ച കൂടി തുടരും. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നിര്‍ദേശപ്രകാരം ഹാന്റ് വാഷിംഗ്, കഫ് ഹൈജീന്‍ തുടങ്ങിയവയുടെ ബോധവത്കരണത്തിനായി അവലംബിക്കേണ്ട പ്രചാരണ മാര്‍ഗങ്ങള്‍ സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ യോഗം ചേര്‍ന്നു.