• Lisha Mary

  • March 5 , 2020

:

കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതില്‍ 16 പേര്‍ വിദേശ പൗരന്മാരാണ്. വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യയില്‍ സ്ഥിതിഗതികള്‍ ഗുരുതരമല്ലെന്നും ഇന്ത്യാടുഡെക്ക് നല്‍കിയ അഭിമുഖത്തില്‍ ലോകാരോഗ്യ സംഘടന റീജണല്‍ എമര്‍ജന്‍സീസ് ഡയറക്ടര്‍ ഡോ.റോഡ്രികോ ഒഫ്രിന്‍ പറഞ്ഞു. 

ഇന്ത്യയിലെ ഉയര്‍ന്ന താപനിലയില്‍ വൈറസ് അതിജീവിക്കാനുള്ള സാഹചര്യം കുറവാണോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ പഠനം നടക്കുകയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. 'ഇപ്പോഴും അതേക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല. അക്കാര്യത്തില്‍ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. താരതമ്യേന ഇതൊരു പുതിയ തരം വൈറസാണ് അതിനാല്‍ തന്നെ വിവരങ്ങള്‍ ശേഖരിക്കാന്‍ കുറച്ചധികം സമയമെടുക്കും. 24x7 എന്ന രീതിയിലാണ് ഇപ്പോള്‍ ഗവേഷണം നടക്കുന്നത്. ലോകത്തെങ്ങുമുള്ള നിരവധി വിഗദ്ധര്‍ വൈറസിന്റെ വികാസത്തെ കുറിച്ചുളള പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.'

ഇന്ത്യക്ക് നിലവില്‍ ആവശ്യമുള്ളത് വൈറസ് ബാധിതരെ പരിചരിക്കാന്‍ മതിയായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആണ്. ഇന്ത്യയില്‍ നിരവധി കേന്ദ്രങ്ങള്‍ തുറന്നിട്ടുള്ളതായി ഞങ്ങള്‍ക്കറിയാം. ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകളുമുണ്ട്. അത് എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കുകയാണ് വേണ്ടത്.  -ഡോ.റോഡ്രികോ ഒഫ്രിന്‍ പറഞ്ഞു. 

ഇന്ത്യയില്‍ 29 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.