കൊച്ചിയുടെ നീലക്കടുവകളെ നെഞ്ചിലേറ്റി ഇൻഫോപാർക്ക്;ജില്ലയിലെ കെസിഎൽ കാൻ്റർവാൻ പര്യടനത്തിന് സമാപനം

കൊച്ചിയുടെ നീലക്കടുവകളെ നെഞ്ചിലേറ്റി ഇൻഫോപാർക്ക്;ജില്ലയിലെ കെസിഎൽ കാൻ്റർവാൻ പര്യടനത്തിന് സമാപനം

കൊച്ചി : ജില്ലയിലെ കെ.സി.എൽ കാൻ്റർവാൻ പര്യടനത്തിന് ഇൻഫോപാർക്കിൽ ആവേശ്വോജ്ജല സമാപനം. സാംസൺ സഹോദരന്മാർ നയിക്കുന്ന കൊച്ചിയുടെ സ്വന്തം ടീമായ ബ്ലൂ ടൈഗേഴ്സിനെ ആരാധകർ നെഞ്ചിലേറ്റിയ കാഴ്ച്ചയ്ക്കാണ് ഇൻഫോ പാർക്ക് സാക്ഷ്യം വഹിച്ചത്. ജില്ലയിലുടനീളം പര്യടനത്തിന് ലഭിച്ച ഉജ്ജ്വല സ്വീകരണത്തിന് ശേഷം, ഇൻഫോപാർക്കിൽ നടന്ന സമാപനച്ചടങ്ങ് അക്ഷരാർത്ഥത്തിൽ ആഘോഷപൂരമായി മാറി. വിവിധയിടങ്ങളിൽ വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ നിരവധിയാളുകളാണ് കൊച്ചിയുടെ ടീമിന് പിന്തുണയേകി രംഗത്തെത്തിയത്.
ആരാധകരുടെ ആരവങ്ങൾക്കിടയിലേക്ക് സിനിമാ താരങ്ങളായ സിജു വിൽസൺ, മാളവിക, റിതു മന്ത്ര എന്നിവർ എത്തിയതോടെ ഇൻഫോപാർക്കിലെ ആവേശം വാനോളമുയർന്നു. ചടങ്ങിന് താരപ്പകിട്ടേകിയ താരങ്ങൾ ടീമിന് പിന്തുണ പ്രഖ്യാപിച്ചു. “ഇത്തവണ കിരീടം കൊച്ചിക്ക് തന്നെ, ബ്ലൂ ടൈഗേഴ്സിനൊപ്പം എപ്പോഴും ഞങ്ങളുണ്ടാകും,” സിജു വിൽസൺ പറഞ്ഞു. കളിക്കാർക്ക് കെ.സി.എൽ നൽകുന്ന വേദി വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചിയുടെ ആവേശമാണ് ബ്ലൂടൈഗേഴ്സ് എന്ന് താരങ്ങളായ മാളവികയും റിതുവും പറഞ്ഞു.

സാംസൺ സഹോദരങ്ങളുടെ തന്ത്രങ്ങൾ കൂടി ചേരുമ്പോൾ ഏറ്റവും മികച്ച ടീമിനെയാണ് കൊച്ചി കളത്തിലിറക്കുന്നതെന്ന് ടീം ഉടമ അഡ്വ. സുഭാഷ് മാനുവൽ പറഞ്ഞു. “ഗാലറിയിലെ ആരവമാണ് ഞങ്ങളുടെ ഊർജ്ജം. ഓഗസ്റ്റ് 21-ന് ലീഗ് ആരംഭിക്കുമ്പോൾ ആരാധകർക്കായി വമ്പൻ സർപ്രൈസുകൾ കാത്തിരിക്കുന്നുണ്ട്,” അദ്ദേഹം വ്യക്തമാക്കി. പര്യടനത്തിന്റെ ഭാഗമായി ആരാധകർക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളും ആവേശം ഇരട്ടിപ്പിച്ചു. ചടങ്ങിൽ
ഫെഡറൽ ബാങ്ക് ഭാരവാഹികളായ സ്നേഹ എൻ. നായർ, ജോസ്മോൻ പി. ഡേവിഡ്, അലക്സ് ടോം, സിസിഎഫ് പ്രതിനിധി സ്ലീബ, ഓപ്പറേഷൻസ് ഹെഡ് അഖിൽ ചന്ദ്രൻ, ആർജെ ഹേമന്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *