• admin

  • June 25 , 2020

കൊച്ചി : നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഭവത്തിന് പിന്നിൽ വൻ തട്ടിപ്പ് സംഘമെന്ന് പോലീസ്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും കേസിൽ നിലവിൽ ഏഴ് പ്രതികളാണുള്ളതെന്നും ഐ.ജി. വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ സമാനമായ മറ്റുചില കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. സിനിമാ മേഖലയിലെ പുതുമുഖ നടിമാരെയും മോഡലുകളെയും ഇവർ തട്ടിപ്പിനിരയാക്കിയിരുന്നു. ഇത്തരത്തിൽ തട്ടിപ്പിനിരയായ രണ്ട് പേർ കൂടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സിനിമാ മേഖലയിലെ ആർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും വിജയ് സാഖറെ പറഞ്ഞു. പ്രതികൾക്ക് എങ്ങനെയാണ് ഷംന കാസിമിന്റെ സ്വകാര്യ നമ്പർ കിട്ടിയതെന്ന് പരിശോധിക്കും. വലിയ കുടുംബവും ബിസിനസുകാരുമാണെന്ന് പറഞ്ഞാണ് പ്രതികൾ പരിചയം സ്ഥാപിക്കുന്നത്. സിനിമയിലടക്കം അവസരങ്ങൾ വാഗ്ദാനം ചെയ്താണ് പലരെയും തട്ടിപ്പിനിരയാക്കിയിരിക്കുന്നത്. നല്ല പരിചയമായാൽ പിന്നീട് ബിസിനസ് ആവശ്യങ്ങൾക്ക് പണവും സ്വർണവും ആവശ്യപ്പെടുന്നതാണ് രീതി. പണം ലഭിച്ചുകഴിഞ്ഞാൽ പിന്നെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആക്കും. സിം കാർഡുകൾ നശിപ്പിക്കുകയും ചെയ്യും. അറസ്റ്റിലായ സംഘത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടോ എന്നും സംശയമുണ്ട്. ഇക്കാര്യവും പോലീസിന്റെ അന്വേഷണപരിധിയിലാണ്. തട്ടിപ്പിനിരയായ ചിലരെ പ്രതികൾ ലൈംഗികമായി ചൂഷണം ചെയ്തെന്നും പോലീസിന് വിവരം ലഭിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഐജി വ്യക്തമാക്കി. അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.