കേര പദ്ധതിയിൽ കാപ്പി കർഷകർക്ക് സബ്സിഡിയും സഹായങ്ങളും:മെഗാ കാപ്പി കർഷക രജിസ്ട്രേഷൻ തിങ്കളാഴ്ച മാനന്തവാടിയിൽ

മാനന്തവാടി : ലോക ബാങ്ക് ധനസഹായത്തോടെ കാർഷിക മേഖലയിൽ വയനാട്ടിൽ വൻ പദ്ധതി വരുന്നു.കാപ്പികൃഷി ക്കാണ് കൂടുതൽ ആനുകൂല്യങ്ങൾ.കൃഷി വകുപ്പും കോഫി ബോർഡും ചേർന്നാണ് വയനാട്ടിൽ കോടികളുടെ പദ്ധതി നടപ്പിലാക്കുന്നത്.കോഫി ബോർഡിൻ്റെ നിലവിലുള്ള പദ്ധതികളും സബ്സിഡികളും കൂടാതെയാണ് പുതിയ കേര പദ്ധതി.കാപ്പി കർഷകർക്ക് നിലവിലുള്ള തോട്ടങ്ങളിൽ ജലസേചനത്തിന് സബ്സിഡി നൽകും.പ്രായം ചെന്നതും ഉൽപ്പാദനം കുറഞ്ഞതുമായ പഴയ ചെടി വെട്ടിമാറ്റി പുതിയ ചെടികൾ നടുന്ന പുന:കൃഷിക്ക് 10 ഹെക്ടർ വരെയുള്ള കർഷകർക്ക് സഹായം ലഭിക്കും.ഒരു ഹെക്ടറിന് 1,10,000 രൂപവരെ സബ്സിഡി ലഭിക്കും.സർട്ടിഫിക്കേഷൻ ചിലവുകൾക്ക് 75 ശതമാനം സബ്സിഡി നൽകും.

തൈ ഉല്പാദനത്തിന് നഴ്സറിക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും സബ്സിഡിയുണ്ട്.
ഇതിൻ്റെ ഭാഗമായി കേര പദ്ധതിയിലെ ഉയർന്ന ഉദ്യോഗസ്ഥരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കോഫി ബോർഡ് ജോയിൻ്റ് ഡയറക്ടർ ഡോ എം.കറുത്തമണിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.പരമാവധി കർഷകർക്ക് സബ്സിഡി ലഭ്യമാക്കുന്നതിന് ബോധവൽക്കരണ പരിപാടി നടത്താൻ തീരുമാനമായി.ആദ്യ താലൂക്ക് തല ബോധവൽക്കരണ പരിപാടിയും കാപ്പി കർഷക രജിസ്ട്രേഷനും പത്താം തിയതി തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മാനന്തവാടി എരുമത്തെരുവിൽ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കും.ഇന്ത്യാ കോഫി ആപ്പ് രജിസ്ട്രേഷന് ഉച്ചക്ക് 12-30 വരെ സൗകര്യമുണ്ടായിരിക്കുമെന്ന് കോഫി ബോർഡ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *