• admin

  • March 30 , 2023

മാനന്തവാടി : അഞ്ചാംമൈൽ ഗവ.പ്രീ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ പരിപാടി വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ ശംസുദ്ധീൻ ഇ.വി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റംല മുഹമ്മദ്‌, ഹസീന ഷിഹാബുദീൻ എസ്. എം. സി ചെയർമാൻ നാസർ കീപ്രത്ത്,ഹാജറ. കെ, പ്രസി പിന്റോ തുടങ്ങിയവർ സംസാരിച്ചു.     രണ്ട് വർഷം കാലാവധിയുള്ള ഏർലി ചൈൽഡ് ഹുഡ് കെയർ എജുക്കേഷൻ കോഴ്സ് പൂർത്തിയാക്കിയ 32 കുട്ടികൾക്കായുള്ള കോൺവോക്കേഷൻ പരിപാടിയും സർട്ടിഫിക്കറ്റ് വിതരണവുമാണ് നടത്തിയത്. പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന കറുത്ത തൊപ്പിയും ഗൗണും ധരിച്ച് കുട്ടികൾ വേദിയിലേക്ക് ആനയിക്കപെട്ടപ്പോൾ സദസ്സ് കരഘോഷം മുഴക്കി വരവേറ്റു.   വർണാഭമായ ചടങ്ങിൽ വിദ്യാലയത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് പ്രീ പ്രൈമറി ഗ്രാജുവേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ രക്ഷിതാക്കളും പങ്കെടുത്തു.     ജ്ഞാനാന്വേഷണത്തിനും സ്വഭാവത്തിന്‍റെ ഉല്‍കര്‍ഷത്തിനും വേണ്ടിയുള്ള യത്നത്തില്‍ വ്യാപൃതരാകുവാൻ പുതിയ തലമുറയെ സജ്ജരാക്കുന്നതിൽ അധ്യാപകരും രക്ഷിതാക്കളും ഒരു മനസ്സോടെ മുന്നോട്ട് വരുന്നു എന്നുള്ളത് പ്രശംസനീയ പ്രവണതയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജുനൈദ് കൈപ്പാണി അഭിപ്രായപെട്ടു.