• Lisha Mary

  • March 20 , 2020

കുവൈത്ത് സിറ്റി : കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 പുതിയ കൊറോണ വൈറസ് കേസു കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 159 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. ഇതുവരെ 22 പേര്‍ രോഗവിമുക്തമായതായും, ക്വാറന്റൈന്‍ നിരീക്ഷണത്തിലായിരുന്ന 574 പേരെ വിട്ടയച്ചതായും 5 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം. അറിയിച്ചു. പുതിയതായി രോഗം കണ്ടെത്തിയവരില്‍ 10 പേര്‍ കുവൈത്ത് സ്വദേശികളും ഒരാള്‍ ലെബനീസ് സ്വദേശിയുമാണ്. അതേസമയം കൊറോണ രോഗം സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സുരക്ഷ വിഭാഗത്തോട് അറ്റോര്‍ണി ജനറല്‍ ദിറാര്‍ അല്‍ അസൗസി ആവശ്യപ്പെട്ടു. നിര്‍ബന്ധിത വീട്ടുനിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ട കുവൈത്ത് സ്വദേശിനി വിലക്ക് ലംഘിച്ചതായി കണ്ടെത്തിയതോടെ ക്വാറന്റൈന് വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം സുരക്ഷാ അധികൃതര്‍ അറിയിച്ചു. രാജ്യത്ത് തത്കാലം കര്‍ഫ്യു പ്രഖ്യാപിക്കേണ്ടതില്ല, എന്നാല്‍ ജനങ്ങള്‍ ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കാതെയും കര്‍ഫ്യു അനിവാര്യമാകുന്ന ഘട്ടത്തില്‍ ഏര്‍പ്പെടുത്തുമെന്നും ക്യാബിനറ്റ് തീരുമാനിച്ചു. ജനങ്ങള്‍ കൂട്ടം ചേരുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നിയമ നടപടി ഉണ്ടാവുമെന്നും മന്ത്രാലയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.