• admin

  • January 18 , 2020

കാസര്‍ഗോഡ് : ജില്ലയിലെ ദേശീയ-സംസ്ഥാന, പി.ഡബ്ല്യു.ഡി പാതയോരങ്ങളില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ഈ മാസം 25ന് നീക്കം ചെയ്യും. റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി രാവിലെ എട്ട് മുതല്‍ 86.8 കിലോമീറ്റര്‍ ദേശീയ പാതയിലെയും 29 കിലോമീറ്റര്‍ കെ എസ് ടി പി റോഡിന്റെയും, 16 കിലോമീറ്റര്‍ സംസ്ഥാന ഹൈവേയിലെയും ഓരങ്ങളിലുള്ള മാലിന്യങ്ങള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയേഴ്‌സ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ശുചീകരിക്കും. ദേശീയ പാതയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കണ്ടുപിടിക്കുന്നതിന് 110 ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പാതയോരങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ജൈവ മാലിന്യങ്ങള്‍ പഞ്ചായത്തില്‍ തന്നെയും അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി കൊണ്ടുപോകുന്നതിനുള്ള നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന ഒരാള്‍ക്ക് 40 രൂപ വീതം ലഘു ഭക്ഷണത്തിന് ശുചിത്വ മിഷനില്‍ നിന്ന് അനുവദിക്കും. പാതയോര ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഓരോ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരും പഞ്ചായത്ത്തലത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെയും മറ്റു സന്നദ്ധ പ്രവര്‍ത്തകരുടെയും യോഗം 23 നകം വിളിച്ചു ചേര്‍ക്കും. പാതയോര ശുചീകരണ പ്രവര്‍ത്തനങ്ങളുടെ കര്‍മ്മ പദ്ധതി തയ്യാറാക്കി ഓരോ തദ്ദേശഭരണ പ്രദേശത്തും നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഫോട്ടോ സഹിതം അതത് തദ്ദേശഭരണ സെക്രട്ടറിമാര്‍ ജനുവരി 27നകം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.