• admin

  • February 22 , 2022

കൊച്ചി : കാന്‍സര്‍ രോഗികളുടെ അടുത്തേക്ക് മികച്ച ചികിത്സ എത്തിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ആരോഗ്യപരിചരണ പ്ലാറ്റ്‌ഫോമായ കര്‍ക്കിനോസ് ഹെല്‍ത്ത്‌കെയറുമായി ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ടാറ്റാ ഗ്രൂപ്പ്, റിലയന്‍സ് ഡിജിറ്റല്‍ ഹെല്‍ത്ത്, റാക്കുട്ടെന്‍ മെഡിക്കല്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് പുറമേ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ, ടിവിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ എന്നിവരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് കര്‍ക്കിനോസ് ഹെല്‍ത്ത്‌കെയര്‍. ഇന്ത്യയില്‍ തന്നെ ഡിസ്ട്രിബ്യൂട്ടഡ് കാന്‍സര്‍ കെയര്‍ നെറ്റ്‌വര്‍ക്ക് മാതൃക ആദ്യമായി നടപ്പിലാക്കുന്ന സ്ഥാപനമാണ് കര്‍ക്കിനോസ് ഹെല്‍ത്ത്‌കെയര്‍. കേരളത്തിലുടനീളം കമ്മ്യൂണിറ്റി കാന്‍സര്‍ സെന്ററുകളുടെ ശൃംഖല സ്ഥാപിക്കാനാണ് സ്ഥാപനം ആദ്യം ലക്ഷ്യമിടുന്നത്. ഈ ശൃംഖലയില്‍ കാന്‍സര്‍ രോഗികളാണെന്ന് കണ്ടെത്തുന്നവര്‍ക്ക് പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായി ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെ മികച്ച കാന്‍സര്‍ ചികിത്സ ലഭ്യമാക്കും. ഇതിന് പുറമേ കാന്‍സര്‍ കെയര്‍ ഓണ്‍ വീല്‍സ് എന്ന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ വരെ കാന്‍സര്‍ രോഗനിര്‍ണയവും ചികിത്സയും എത്തിക്കാന്‍ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്റെ മൊബൈല്‍ ക്ലിനിക്കുകളും ലഭ്യമാക്കും. കാന്‍സര്‍ രോഗനിര്‍ണയത്തിനായി കര്‍ക്കിനോസ് കൊച്ചി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് കാന്‍സര്‍ ഡയഗണോസ്റ്റിക്‌സ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കാന്‍സര്‍ ചികിത്സാ രംഗത്ത് ആസ്റ്റര്‍ നിരവധി സാമൂഹ്യ ഉത്തരവാദിത്ത പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്റര്‍ വൊളണ്ടിയേഴ്‌സ്, ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ ഈ രംഗത്ത് സജീവമാണ്. നിലവില്‍ ആസ്റ്റര്‍ ഈ രംഗത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ കര്‍ക്കിനോസുമായുള്ള പങ്കാളിത്തം സഹായകമാകുമെന്നും ഡോ. ആസാദ് മൂപ്പന്‍ പ്രത്യാശിച്ചു. കര്‍ക്കിനോസുമായി സഹകരിക്കുന്നതിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ആസ്റ്ററിന് കഴിയുമെന്ന് ആസ്റ്റര്‍ കേരള, ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെ എല്ലാ സാധ്യതകളും ഇതിനായി പൂര്‍ണമായി വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യപരിപാലന രംഗത്തെ പ്രശസ്ത സ്ഥാപനമെന്ന നിലയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായുള്ള പങ്കാളിത്തം കര്‍ക്കിനോസിന്റെ ഡിസ്ട്രിബ്യൂട്ടഡ് കാന്‍സര്‍ കെയര്‍ മാതൃക കേരളത്തില്‍ നിന്നും രാജ്യത്താകെ നടപ്പാക്കുന്നതിലേക്കുള്ള ചുവടുവെയ്പ്പാണെന്ന് കര്‍ക്കിനോസ് ഹെല്‍ത്ത്‌കെയര്‍ സിഇഒയും സഹസ്ഥാപകനുമായ വെങ്കട്ട് രാമചന്ദ്രന്‍ പറഞ്ഞു. കാന്‍സറിനെ തുടച്ചുനീക്കുന്നതിനും ഡിജിറ്റല്‍ സഹായ സാഹചര്യം സൃഷ്ടിക്കുന്നതിനും ആസ്റ്ററിനെ പങ്കാളിയായി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും ഗുരുതരവും എന്നാല്‍ വേണ്ടത്ര സേവനങ്ങള്‍ ലഭ്യമല്ലാത്തുമായ മേഖലയാണ് കാന്‍സര്‍ രോഗപരിചരണ രംഗം. അതുകൊണ്ട് രാജ്യത്തിന്റെ പ്രസക്തമായ ഭാഗങ്ങളില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും വെങ്കട്ട് രാമചന്ദ്രന്‍ പറഞ്ഞു. ചികിത്സാദായകരും രോഗികള്‍ക്കുമിടയിലെ വിടവ് നികത്താന്‍ ആസ്റ്ററും കര്‍ക്കിനോസും തമ്മിലുള്ള പങ്കാളിത്തം സഹായകമാകുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ അമ്പിളി വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ രംഗത്തെ വിദഗ്ധരുടെ സംയുക്ത ഇടപെടലോടെ കൃത്യമായ രോഗനിര്‍ണയവും സമയോചിതമായ ചികിത്സയും ലഭ്യമാക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. ഏറ്റവും അടുത്തുള്ള ചികിത്സാകേന്ദ്രം കണ്ടെത്തുകയെന്നതാണ് കാന്‍സര്‍ രോഗികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിന് പരിഹാരമുണ്ടാക്കാന്‍ ആസ്റ്ററുമായുള്ള പങ്കാളിത്തം സഹായകരമാകുമെന്ന് കര്‍ക്കിനോസ് ഹെല്‍ത്ത്‌കെയര്‍ സിഇഒയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. മോനി എബ്രഹാം കുര്യാക്കോസ് പറഞ്ഞു.