• admin

  • July 17 , 2022

കാവുംമന്ദം : തരിയോട് പഞ്ചായത്തിലെ വനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഗങ്ങളില്‍ രൂക്ഷമായ കാട്ടാനശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നും കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്നും തരിയോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. തരിയോട് പത്താംമൈൽ, എട്ടാം മെെൽ, പാറത്തോട് തുടങ്ങിയ പ്രദേശത്തെ ജനങ്ങള്‍ ഏറെ ഭീതിയോടെയാണ് കഴിയുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കുകയും വീടുകള്‍ ആക്രമിക്കുകയും ചെയ്ത് വരുന്ന കാട്ടാനക്കൂട്ടം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തില്‍ തേര്‍വാഴ്ച്ച നടത്തുകയാണ്. മാസങ്ങളായി ഈ പ്രദേശങ്ങളിൽ ഇറങ്ങുന്ന കാട്ടാനയുടെ അക്രമണത്തിൽ ഒരു കർഷകന് പരുക്കേൽക്കുകയും തലനാരിഴക്ക് ജീവന്‍ രക്ഷപ്പെടുകയാണുണ്ടായത്. ആന ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാൻ വനം വകുപ്പിന്റെ കാര്യക്ഷമമായ ഒരു ഇടപെടലുകളും നടത്തുന്നില്ല എന്ന് മാത്രമല്ല, ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരെ പോലും ഈ പ്രദേശങ്ങളില്‍ നിയമിച്ചിട്ടില്ല. അടിയന്തിര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രദേശവാസികളെ സംഘടിപ്പിച്ച് സമാന മനസ്ക്കരുമായി ചേര്‍ന്ന് വലിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുസ്‌ലിം ലീഗ് അറിയിച്ചു. കെ ഇബ്രാഹിംഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, പോക്കര്‍ പള്ളിക്കണ്ടി, പി ഹംസ, പി മൂസഹാജി, എം പി ഹഫീസലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സൂന നവീന്‍, കെ വി സന്തോഷ്, കെ ഖാലിദ്, പി സഹീറുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ബഷീര്‍ പുള്ളാട്ട് സ്വാഗതവും ട്രഷറര്‍ കെ എസ് സിദ്ധീഖ് നന്ദിയും പറഞ്ഞു.