കാസര്‍കോട് : കാഞ്ഞങ്ങാട് സൗത്തില്‍ ദേശീയപാതയോരത്ത് മറിഞ്ഞ പാചകവാതക ടാങ്കറില്‍ ചോര്‍ച്ച കണ്ടെത്തി. മംഗളൂരുവില്‍ നിന്നെത്തിയ വിദഗ്ധര്‍ ചോര്‍ച്ച അടക്കാനുള്ള ശ്രമം തുടങ്ങി. പ്രദേശത്തെ അരകിലോമീറ്റര്‍ ചുറ്റളവിലുള്ള വീട്ടുകാരെ മുഴുവന്‍ ഒഴിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും അവധി നല്‍കി. പൂര്‍ണമായും ചോര്‍ച്ച അടച്ച ശേഷം പാചക വാതകം ഒന്നിലേറെ ടാങ്കറുകളിലേക്ക് മാറ്റും. കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് നിന്ന് ഖലാസികളെത്തി ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ചോര്‍ച്ച കണ്ടത്.
18 ടണ്‍ ഭാരമുള്ള ടാങ്കറാണ് മറിഞ്ഞത്. ഹൊസ്ദുര്‍ഗ് പോലീസും കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയുമുള്‍പ്പെടെ സ്ഥലത്തുണ്ട്. കാഞ്ഞങ്ങാട് നിന്നു നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങളും നീലേശ്വരത്ത് നിന്നു കാഞ്ഞങ്ങാട്ടേക്കുള്ള വാഹനങ്ങളും വഴി തിരിച്ചുവിട്ടു.
ഇന്നലെ ഉച്ചയോടെയാണ് ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറിഞ്ഞത്. മംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ടിഎന്‍ 28 എജെ 3659 നമ്പര്‍ ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന സ്വകാര്യ ബസിന് സൈഡ് കൊടുക്കവെയാണ് നിയന്ത്രണം വിട്ട ലോറി മറിഞ്ഞത്. അപകടത്തില്‍ ടാങ്കല്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സുരേഷിന്റെ കാലിന് പരുക്കേറ്റു.
ദേശീയപാത വികസനത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ കാഞ്ഞങ്ങാട് സൗത്തില്‍ ദേശീയപാതയുടെ ഇരുഭാഗത്തുമുള്ള സര്‍വീസ് റോഡിലൂടെയാണ് വാഹനങ്ങള്‍ പോകുന്നത്. നിറയെ കുഴികളുള്ളതും ഇടുങ്ങിയ റോഡുമായതിനാല്‍ ഈ ഭാഗത്ത് അപകട സാധ്യതയേറെയാണ്.